Monday 19 September 2022 04:11 PM IST : By സ്വന്തം ലേഖകൻ

‘മഞ്ജു ആന്റി കാരണമാണ് എന്റെ അമ്മ 17 വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്‌തത്‌’: പെൺകുട്ടിയുടെ ഹൃദ്യമായ കുറിപ്പ്

manju-warrier

ഒറ്റപ്പെടലിന്റെ തുരുത്തിൽപ്പെട്ടുപോയ ഒരുപാട് പേർക്ക് വഴിവിളക്കാകാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹത്തോടെ കലാജീവിത്തോടും ഇഷ്ടങ്ങളോടും ഗുഡ്ബൈ പറഞ്ഞ എത്രയോ പേരെ പ്രചോദിപ്പിക്കാൻ മഞ്ജുവെന്ന ലേഡീ സൂപ്പർസ്റ്റാറിന് കഴിഞ്ഞു. സിനിമയിലും നൃത്തത്തിലും തന്റേയതായ വ്യക്തിമുദ്ര പതിപ്പിച്ച മഞ്ജുവിന്റെ തിരിച്ചു വരവ് ഹൃദയത്തിലേറ്റുന്നവർ സിനിമാലോകത്തും പുറത്തും നിരവധിയാണ്. അതിലൊരു കഥ ഇതാ.

മഞ്ജുവിന്റെ തിരിച്ചു വരവ് പ്രചോദനമായെന്ന ഒരു കുട്ടിയുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മഞ്ജു വാര്യർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ കുറിപ്പ് പങ്കുവച്ചത്. മഞ്ജു വാര്യരുടെ ദേവൂട്ടി എന്ന കുഞ്ഞാരാധികയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെ അമ്മ പതിനേഴ് വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്യാൻ കാരണം മഞ്ജു വാര്യർ ആണെന്നാണ് ദേവൂട്ടി തന്റെ കുറിപ്പിൽ പറയുന്നത്. താൻ മഞ്ജു വാര്യരുടെ അധികം സിനിമകളൊന്നും കണ്ടിട്ടില്ലയെന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. മമ്മയും പപ്പയും പറഞ്ഞ് അറിയാമെന്നും സുജാത എന്ന സിനിമയാണ് ഞാൻ ഓർത്തുവെക്കുന്ന സിനിമയെന്നും തന്റെ മമ്മ 17 വർഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തുവെന്നും അതിന് കാരണം മഞ്ജു വാര്യരാണെന്നും. ഒരുപാട് ഒരുപാട് നന്ദിയുണ്ടെന്നും ദേവൂട്ടി പറയുന്നു.

ഒരുപാട് ആന്റിമാർക്ക് അവരുടെ ഒളിഞ്ഞുകിടന്ന കഴിവുകൾ പുറത്ത് കൊണ്ടുവരാൻ കാരണം മഞ്ജു മാത്രമാണെന്നും തനിക്ക് മഞ്ജു ആന്റിയെ ഒരുപാട് ഇഷ്ടമാണെന്നും ഇനിയും നിരവധിപ്പേർക്ക് പ്രചോദനമാകണമെന്നും പറഞ്ഞുകൊണ്ടാണ് ദേവൂട്ടി കത്ത് അവസാനിപ്പിക്കുന്നത്. ചില സ്‌നേഹ പ്രകടനങ്ങൾക്ക് എത്ര വിലക്കൊടുത്താലും മതിയാകില്ല എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യർ ഈ കത്ത് പങ്കുവച്ചത്.