Wednesday 22 April 2020 06:58 PM IST

പണ്ട് ബാനറിലും ലോറികളുടെ പിന്നിലും ഒക്കെ വരച്ചിരുന്നു...ഇന്നത് ക്യാന്‍വാസിലായി; കോട്ടയം നസീര്‍ പറയുന്നു

Shyama

Sub Editor

kn-fotoz

'പണ്ട് പടം വരക്കുമ്പോ ആരേലും ഒക്കെ എന്തേലും ഒക്കെ കാര്യത്തിന് വിളിക്കും. ഇപ്പൊ പിന്നെ ആരും ഒരു കാര്യത്തിനും വിളിക്കില്ലല്ലോ അതിന്റെയൊരു സമാധാനമുണ്ട്.' ചിരിയുടെ മാലപ്പടക്കം ഒരു സൈഡില്‍ നിന്നങ്ങു കൊളുത്തിക്കൊണ്ട് കോട്ടയം നസീര്‍ തുടങ്ങി... '

'നേരത്തെ ഒരു പടം വരയ്ക്കാനിരുന്നാല്‍ അതിനിടയില്‍ ഷൂട്ടിന്റെ വിളി വരും,  ചിലപ്പോ പ്രോഗ്രാമിന്റെ വിളി വരും ഇല്ലെങ്കില്‍ ആരെങ്കിലും കാണാന്‍ വരും...ഇല്ലെങ്കില്‍ ഒരു ചായകുടിവര്‍ത്തമാനത്തിനായി നമ്മള്‍ പുറത്തേക്കിറങ്ങും...അങ്ങനെ തുടങ്ങി വെച്ച വരകള്‍ മുഴുമിപ്പിക്കാന്‍ തന്നെ നല്ല സമയമെടുക്കും. അല്ലേല്‍ തുടങ്ങിപ്പോയില്ലേ ഇനി തീര്‍ക്കണ്ടേ എന്നൊക്കെ ഓര്‍ത്ത് വരക്കും...ഇപ്പൊ അതൊന്നുമില്ലല്ലോ അതുകൊണ്ട് മൊത്തമായും ചില്ലറയായും വരയില്‍ ശ്രദ്ധിച്ചങ്ങ് വരക്കാം. ഈ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോ തൊട്ട് ഞാന്‍ തീരുമാനിച്ചു 21 ദിവസവും വരയ്ക്കാമെന്ന്,  ലോക്ക്ഡൗണ്‍ നീണ്ടപ്പോ വരയും നീണ്ടു.

മൂന്നു കൊല്ലത്തോളം വര പഠിച്ചിട്ടുണ്ട്. കറുകച്ചാല്‍ എ.പി.ആര്‍ട്‌സ് എന്നൊരു സ്‌കൂളിലായിരുന്നു പഠനം. അത് കഴിഞ്ഞ് നാട്ടില്‍ പ്രൊഫഷണല്‍ ആയി തന്നെ ജോലിയും ചെയ്തു. കറുകച്ചാല്‍ ഭാഗത്തൊക്കെ ഒരുപാട് പോസ്റ്ററുകളും ബാനറുകളും ഒക്കെ എന്റേതായി ഉണ്ടായിരുന്നു. ഫ്‌ലെക്‌സ് പ്രിന്റിംഗ് വരുന്നതിനു മുന്‍പ് ഇനാമല്‍ പെയിന്റ് കൊണ്ട് ഇതൊക്ക വരച്ചും എഴുതിയും എടുക്കുകയായിരുന്നു പതിവ്. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ്,  ലോറിയുടെ പുറകിലുള്ള ഡിസൈന്‍ ഒക്കെ ചെയ്യുമായിരുന്നു. മിമിക്രിയിലേക്ക് എത്തിയപ്പോ അതൊക്ക ഇല്ലാതായി.  കുറേ കാലം കഴിഞ്ഞൊരു ആഗ്രഹം തോന്നി ഒന്ന് പൊടിതട്ടി എടുത്തിട്ടാണ് 2017ല്‍ എക്‌സിബിഷന്‍ ചെയ്തത്. നാല് കൊല്ലത്തെ അധ്വാനമാണ് എക്‌സിബിഷനായി മാറിയത്. അതിന് ശേഷം ഇപ്പോഴാണ് ബ്രഷ് എടുക്കുന്നത്. ഈ വര സ്വയമുള്ളൊരു വെല്ലുവിളിയായി തന്നെ എടുത്തതാണ്.

വാട്ടര്‍ കളര്‍ ആണ് കൂടുതലും,  പിന്നെ ഇടയ്ക് അക്രിലിക്കും ഉണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് റഫറന്‍സ് എടുത്തിട്ടാണ് ഞാന്‍ കൂടുതലും വരയ്ക്കാര്. ഈ ചിത്രങ്ങള്‍ ചേര്‍ത്തൊരു പുസ്തകം ഇറക്കാന്‍ പദ്ധതിയുണ്ട്. 

വരകള്‍ കണ്ടിട്ട് കുറേ ആള്‍ക്കാര്‍ പെയിന്റിങ്ങ്‌സ് ചോദിക്കുന്നുണ്ട്,  അങ്ങനെ കൊടുക്കുന്ന കാര്യവും ആലിചിക്കുന്നു. ഇപ്പോഴും പക്ഷേ,  കലാസൃഷ്ടികള്‍ക്ക് പണം മുടക്കാന്‍ ആള്‍ക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്...ഓ,  ഇതൊരു പടം എന്നാണ് ആളുകള്‍ ചിന്തിക്കുന്നത് അല്ലാത്തെ ഇത്രയും ദിവസങ്ങളും  മണിക്കൂറുകളും നീണ്ട കലാകാരന്റെ അധ്വാനം എന്നോ അയാളുടെ ആ കഴിവിനുള്ള അംഗീകാരമെന്നോ എന്നല്ല. അതിനൊരു മാറ്റം വന്നാല്‍ കൊള്ളാം.

ഭാര്യയാണ് ചിത്രങ്ങള്‍ കണ്ടിട്ട് വിമര്‍ശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും... ഒരുപാട് പേര്,  ഇന്‍ഡസ്ട്രിയില്‍ ഉള്ളവരും അല്ലാത്തവരും,  എന്റെ വരകള്‍ ഷെയര്‍ ചെയ്യുന്നത് കാണുമ്പോള്‍ തന്നെ നല്ല സന്തോഷമുണ്ട്... എക്‌സിബിഷന്‍ നടത്തിയപ്പോള്‍ കണ്ടതിലും കൂടുതല്‍ ആളുകള്‍ എന്റെ വരകള്‍ കാണുന്നത് ഇപ്പോഴാണ്. വരകളൊക്ക മാര്‍ക്കറ്റ് ചെയ്യാനുള്ള ആലോചനയും ഉണ്ട്.

kn-pic

ഒരു മകന്‍ കാനഡയിലാണ് പഠിക്കുന്നത്.  സുഹൃത്തുക്കളുമായി അവരൊരു വീട്ടിലാണ് താമസം,  പുറത്തേക്കൊന്നും ഇറങ്ങുന്നില്ല,  അതുകൊണ്ട് തല്‍ക്കാലം പേടിക്കാനില്ല. മറ്റൊരാള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇതൊക്കയാണ് എന്റെ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍...

ശ്യാമ