Wednesday 12 September 2018 04:12 PM IST : By സ്വന്തം ലേഖകൻ

‘ചാക്കോച്ചൻ റൊമാന്റിക്കല്ലേ?’; ചിരിയുടെ മാലപ്പടക്കവുമായി മാംഗല്യം തന്തുനാനേന ട്രെയിലർ–വിഡിയോ

mangalyam

കുടുംബപ്രേക്ഷകരുടെ പ്രിയനായകനാകാൻ വീണ്ടും കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ–നിമിഷ സജയൻ ജോഡി ആദ്യമായി ഒരുമിക്കുന്ന "മാംഗല്യം തന്തുനാനേന" അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം നർമ്മത്തിന്റെ മേമ്പൊടിയിലാണ് കഥ പറയുന്നത്. ആകാംക്ഷയുണർത്തി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് സൗമ്യയെത്തുന്നത്. സംഗീതജ്ഞനായ ചെമ്പൈയെ കുറിച്ച് ഒരുക്കിയ ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സംവിധായികയാണ് സൌമ്യ സദാനന്ദൻ. അരവിന്ദ് കൃഷ്‍ണയാണ് ഛായാഗ്രാഹകൻ. ടോണി മഠത്തില്‍ തിരക്കഥയൊരുക്കിയിരിക്കുന്നു.

കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിന്റെ ഭാഷയിലൂടെ പറയുകയാണ് മാംഗല്യം തന്തുനാനേനാ. റോയ് എന്ന കഥാപാത്രത്തേയാണ് കുഞ്ചാക്കോബോബൻ അവതരിപ്പിക്കുന്നത് റോയിയുടെ ഭാര്യാ ക്ലാരയെ നിമിഷ അവതരിപ്പിക്കുന്നു. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ഹരീഷ് കണാരനും ചിത്രത്തിലുണ്ട്.

ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, എസ്.കെ. മിനി, സലിംകുമാര്‍, സുനില്‍ സുഖദ, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ഈ മാസം 20ന് ചിത്രം തിയറ്ററുകളിലെത്തും.