Friday 15 March 2019 10:27 AM IST : By സ്വന്തം ലേഖകൻ

ജൻമദിനത്തിൽ ആരാധകർക്ക് ആമിറിന്റെ ‘ഓസ്കർ’ സമ്മാനം! ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്ക് പ്രഖ്യാപിച്ച് താരം

aamir-new

ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാന്റെ 54 – ാം ജൻമദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ആരാധകർക്ക് സന്തോഷിക്കാൻ വക നൽകിയിരിക്കുകയാണ് ആമിർ. ടോം ഹാങ്ക്സ് നായകനായി 1994 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് താരത്തിന്റെ പുതിയ ചിത്രം.

തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ വൻ പരാജയത്തിനു ശേഷം വരുന്ന ആമിർഖാൻ ചിത്രമെന്ന നിലയിൽ പുതിയ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ റീമേക്കിനെ കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ടോം ഹാങ്ക്സിന് ഓസ്കര്‍ പുരസ്കാരം നേടികൊടുത്ത ചിത്രത്തിന്റ പകര്‍പ്പവകാശം വാങ്ങിയതായി താരം വ്യക്തമാക്കിയത് ഇന്നാണ്.

‘ലാല്‍ സിംഗ് ചന്ദ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വയാകോം 18 പിക്ചേഴ്സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിനു ശേഷം അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്നതും ‘ലാല്‍ സിംഗ് ചന്ദ’ യുടെ ഹൈലൈറ്റാണ്.

ചിത്രത്തിനായി 20 കിലോ ശരീര ഭാരം കുറയ്ക്കണമെന്നും കഴിഞ്ഞ ആറു മാസമായി അതിനുള്ള തയാറെടുപ്പിലായിരുന്നു താനെന്നും ആമിർ പറയുന്നു. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും.

വിന്‍സ്റ്റന്‍ ഗ്രൂമിന്റെ പ്രശസ്ത നോവല്‍ ആസ്പദമാക്കി റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ ഹാങ്ക്സിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേത്. 1994ല്‍ പുറത്തിറങ്ങിയ ഈ അമേരിക്കന്‍ കോമഡി ഡ്രാമ ആറ് ഓസ്കറുകള്‍ നേടി.