Wednesday 07 November 2018 11:07 AM IST : By സ്വന്തം ലേഖകൻ

‘‘ആ തീരുമാനം വളരെ വിഷമത്തോടെയായിരുന്നു’’; വിവാഹ മോചനത്തെക്കുറിച്ച് ആമിർ ഖാൻ

aamir-2

വിവാഹ മോചനവും പ്രണയവുമൊന്നും ബോളിവുഡിൽ പുതുമയല്ല. പ്രണയ പരാജിതരുടെയും വിവാഹ മോചിതരുടെയും ഒരു നീണ്ട നിര ഹിന്ദി സിനിമാ ലോകത്തുണ്ട്. അതിലൊരാളാണ് ആമിർ ഖാൻ. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയാണ് ‘മിസ്റ്റർ പെർഫക്ഷനിസ്റ്റ്’ രണ്ടാം ഭാര്യ കിരൺ റാവുവിനെ ജീവിത സഖിയാക്കിയത്. എന്നാൽ ആദ്യ ഭാര്യ റീനയുമായുള്ള 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിർ. ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും ആമിർ സംസാരിച്ചത്.

‘‘16 വർഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേർപിരിയാൻ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നൽകുന്നതായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അർത്ഥമില്ല. അവൾ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്”.– ആമിർ പറഞ്ഞു.

‘‘16 വർഷം അവൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാൻ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങൾ വിവാഹിതരായത്. എന്നിട്ടും ഞാൻ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നൽകി”. ആമിർ വ്യക്തമാക്കുന്നു.

1986 ലായിരുന്നു ആമിർഖാനും റീനയുമായുളള വിവാഹം. 2002 ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്. 2005 ലാണ് കിരൺ റാവുവുമായുളള ആമിറിന്റെ വിവാഹം. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്.