Friday 16 November 2018 02:51 PM IST : By സ്വന്തം ലേഖകൻ

‘‘അതിരുവിട്ട വിമര്‍ശനം ശരിയല്ല, എല്ലായ്പ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിയണമെന്നില്ല’’; ആമിറിന് പിന്തുണയുമായി ഷാരൂഖ്

sharookh-new

‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ പരാജയമായത് ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാന് വലിയ ക്ഷീണമായി. ബിഗ് ബി അമിതാഭ് ബച്ചനും ആമിറും ഒന്നിച്ച ചിത്രം വൻ ദുരന്തമായി. അതിന് കുറച്ചൊന്നുമല്ല ആമിർ പഴി കേൾക്കുന്നതും. തുടർ വിജയങ്ങളും മികച്ച സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ മൂക്കു കുത്തി വീണ് ആമിറിന് ബാധ്യതയായത്. ചിത്രത്തിന്റെ പരാജയം കടുത്ത പരിഹാസത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. അതിൽ പല വിമർശനങ്ങളും അതിരു കടക്കുന്നതായി.

എന്നാല്‍ ആമിറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ്ങ് ഖാന്‍ ഷാരൂഖ്.

ഒരു മോശം സിനിമയുടെ പേരില്‍ ആമിര്‍ ചെയ്ത നിരവധി നല്ല ചിത്രങ്ങളെ വിസ്മരിക്കരുതെന്നും ചില പ്രതികരണങ്ങള്‍ അതിരു വിട്ടെന്നും ഷാരൂഖ് കുറ്റപ്പെടുത്തി. ‘‘വര്‍ഷങ്ങളായി നല്ല സിനിമകള്‍ സമ്മാനിക്കുന്ന അതുല്യ പ്രതിഭകളാണ് ആമിറും അമിതാഭ് ബച്ചനും. ഒരു തെറ്റായ തിരഞ്ഞെടുപ്പിന്റെ പേരില്‍ അതിരുവിട്ട വിമര്‍ശനം ശരിയല്ല. എല്ലായ്പ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിയണമെന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമിറിന്റെ സംഭാവനകളാണ്’’.– ഷാരൂഖ് പറഞ്ഞു.

എന്തായാലും ബാദ്ഷായുടെ വാക്കുകൾ വിമർശകർ ഗൗരവത്തേ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആമിറിന്റെ ആരാധകർ.