Monday 18 June 2018 03:16 PM IST : By സ്വന്തം ലേഖകൻ

യേശുദാസിന്റെ ശബ്ദത്തോട് ‘സാമ്യം’; കേരളം തഴഞ്ഞ ആ യുവഗായകനെ തേടി രാജ്യാന്തര പുരസ്കാരം

abhi

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന കാരണത്താൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അഭിജിത്ത് വിജയനെന്ന ഗായകനെ തേടി രാജ്യാന്തര പുരസ്കാരം. ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018–ലെ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്തിനെ തേടിയെത്തിയത്.

ആകാശമിഠായി എന്ന ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് അഭിജിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ആകാശ മിഠായിയിലെ നായകൻ ജയറാം അഭിജിത്തിന്റെ പുരസ്കാര നേട്ടം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് പങ്കുവച്ചത്. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഇൗ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘അഭിജിത് വിജയന് എല്ലാ വിധ ആശംസകളും നേരുന്നു. അഭിജിത്തിന്റെ വിനയവും ആത്മാർത്ഥതയും ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്’ അവാർഡ് വാർത്ത പങ്കു വച്ച് ജയറാം കുറിച്ചു.

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞാണ് അഭിജിത്തിന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്.

അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നും തുടർന്ന് അവാർഡ് നിഷേധിക്കുകയായുരുന്നുമെന്നായിരുന്നു ആരോപണം. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.