Friday 08 June 2018 11:56 AM IST : By സ്വന്തം ലേഖകൻ

‘നിഗൂഢതയൊളിപ്പിച്ച് ആ നമ്പർ പ്ലേറ്റ്’; അബ്രഹാമിന്റെ സന്തതികളിലെ നമ്പർ പ്ലേറ്റിലെ രഹസ്യം പുറത്തു വിട്ട് സോഷ്യൽ മീഡിയ

abraham

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് ലുക്കും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമായിരുന്നു അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍. സോൾട്ട് ആന്റ് പെപ്പർ സ്റ്റൈലിൽ മമ്മൂട്ടിയെത്തുന്ന ചിത്രം സസ്പെൻസും ആകാംക്ഷയും നിറയ്ക്കുന്നതാണെന്ന് ട്രെയിലറിൽ നിന്നും വ്യക്തം.

എന്നാൽ ചില നിഗൂഢതകളും സസ്പെൻസുകളും ബാക്കിയാക്കിയാണ് അണിയറ പ്രവർത്തകർ ട്രെയിലർ പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ട്രെയിലറിൽ മുഖം തരാതെ പോകുന്ന മമ്മൂട്ടിയുടെ ഡെറിക് എബ്രഹാം എന്ന കഥാപാത്രം തന്നെയാണ് ഒന്നാമത്തെ സസ്പെൻസ്.

abraham-mid

എന്നാൽ അവിടെയും തീരുന്നില്ല. ട്രെയിലറില്‍ മമ്മൂട്ടി വന്നിറങ്ങുന്ന കാറിന്റെ നമ്പറുമായി ബന്ധപ്പെട്ട നിഗൂഢതകളാണ് സോഷ്യല്‍ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

ബൈബിളില്‍ അബ്രഹാമിന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് ബി.സി 1821 ലാണ്. എന്നാല്‍ ട്രെയിലറിൽ മമ്മൂട്ടി ഉപയോഗിക്കുന്ന കാറിന്റെ നമ്പറും ഇതേ സംഖ്യ തന്നെയാണ്. ഒരു പക്ഷേ ബൈബിളിലെ അബ്രഹാമിന്റെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേത് എന്നാണ് സോഷ്യൽ മീഡിയയിലെ കൊണ്ടു പിടിച്ച ചർച്ച.

എന്തായാലും ആ സസ്പെൻസ് എന്തെന്ന് അറിയാൻ ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.