Saturday 17 November 2018 11:38 AM IST : By സ്വന്തം ലേഖകൻ

‘ടൈലറിങ് കടയിലിരിക്കുമ്പോഴാണ് ആ വിളി വന്നത്’; കൃഷ്ണൻനായർ ജയനായി മാറിയ കഥ തുടങ്ങുന്നതിങ്ങനെ

jayan

കൊച്ചി∙ എറണാകുളം ജോസ് ജംക്‌ഷനിലെ ജോസ് പ്രകാശ് ആൻഡ് സൺസ് ടൈലറിങ് സ്ഥാപനത്തിലിരിക്കുമ്പോഴാണു കൃഷ്ണൻ നായർക്കു സിനിമയിലേക്കു വിളിവന്നത്. വിളിച്ചതു ജോസ് പ്രകാശ് ആണ്. ഫോൺ എടുത്തത് ജോസ് പ്രകാശിന്റെ മകൻ രാജൻ ജോസഫ്.   രാജൻ ഉടനെ കൃഷ്ണൻ നായരെ  സ്കൂട്ടറിനു പിന്നിലിരുത്തി ദ്വാരക ഹോട്ടലിലേക്കു പാഞ്ഞു. അതിനു ശേഷം ലോകം കൃഷ്ണൻ നായരെക്കുറിച്ചു കേട്ടിട്ടില്ല. കേട്ടതു മുഴുവൻ ജയൻ എന്ന നടനെക്കുറിച്ചായിരുന്നു.

38 വർഷം മുൻപ് നവംബർ 16 നു ചെന്നൈ ഷോളവാരത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയന്റെ സിനിമാ ജൈത്രയാത്രയുടെ തുടക്കം എറണാകുളം ജോസ് ജംക്‌ഷനിൽനിന്നു തന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നായിരുന്നുവെന്ന് ജോസ് പ്രകാശിന്റെ മകൻ രാജൻ ജോസഫ് (62) ഓർക്കുന്നുബേബി എന്നായിരുന്നു കൃഷ്ണൻ നായരുടെ വിളിപ്പേര്.

സിനിമയിലെത്തിയപ്പോൾ ജോസ് പ്രകാശ് ആണു ജയൻ എന്ന പേരു സമ്മാനിച്ചതെന്നു രാജൻ പറഞ്ഞു. നേവിയിൽ നിന്നു പിരിഞ്ഞപ്പോൾ മുതൽ ജയൻ ജോസ് പ്രകാശ് ആൻഡ് സൺസ് എന്ന ആ കടയിലെ നിത്യ സന്ദർശകനായിരുന്നു. സിനിമക്കാർ സ്ഥിരമായി വന്നുപോയിരുന്ന ആ കടയിൽ നിന്നു സിനിമയിലേക്കു വഴി കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

j1

അവിടെവച്ചു ജോസ് പ്രകാശുമായി അടുത്തു. ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ (1974) എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജോസ് പ്രകാശ് ജയനെ സിനിമയിലേക്കു ക്ഷണിച്ചത്.ജോസ് പ്രകാശും ഉമ്മറും ഷീലയും ഒന്നിച്ച ‘ആദ്യത്തെ രാത്രിയെ വരവേൽക്കാൻ...’ എന്ന ഗാനം പാടിക്കൊണ്ട് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി.

j2 രാജൻ ജോസഫ്

പിന്നീടു സിനിമയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെങ്കിലും വന്ന വഴികളൊന്നും മറക്കാത്ത ജയൻ പലപ്പോഴും ജോസ് ജംക്‌ഷനിലെ ആ കടയിലേക്കു തിരിഞ്ഞു നോക്കാറുണ്ടായിരുന്നെന്നു രാജൻ. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് വില്ലിങ്ഡൻ ഐലൻഡിലെ വിമാനത്താവളത്തിൽ നിന്നു ചെന്നൈയിലേക്കു പറക്കുമ്പോഴാണ‌ു ജയനെ അവസാനമായി കണ്ടതെന്നും രാജൻ ഓർമിച്ചു.

More