Monday 22 October 2018 12:01 PM IST : By സ്വന്തം ലേഖകൻ

‘ഒരു സ്ത്രീയും അവൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല’; ‘മീ ടൂ’ ക്യാംപെയ്‌നെ അനുകൂലിച്ച് നടന്‍ മധു

madhu-chemmeen-2

സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും കൊടുങ്കാറ്റ് വിതച്ച ‘മീ ടൂ’ ക്യാംപെയ്‌നെ അനുകൂലിച്ച് മുതിർന്ന നടനും മലയാള സിനിമയിലെ കാരണവരുമായ മധു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

“മീ ടൂ ക്യാംപെയ്‌നുകൾ തുടരട്ടെ. ഈ മാറിയ കാലത്ത് സ്ത്രീകള്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയട്ടെ. അതില്‍ യാതൊരു തെറ്റുമില്ല. മാനുഷികമായ ശരിയുണ്ട് താനും. സാധാരണ ഗതിയില്‍ ഒരു സ്ത്രീയും അവൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല എന്നാണ് ഞാന്‍ കരുതുന്നത്. തെറ്റു ചെയ്യാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഒരു കുറ്റം കുറ്റമല്ലാതാകുന്നില്ല. മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ സിനിമാരംഗത്തും സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ട്. ഇക്കാര്യം അവര്‍ തുറന്നു പറയുന്നു. എന്നാൽ സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതുകൊണ്ട് സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു.”-
മധു പറയുന്നു.