Saturday 06 August 2022 11:47 AM IST : By സ്വന്തം ലേഖകൻ

‘ഡിഗ്രേഡിങ് മനസ്സിലാക്കാം; പക്ഷേ, സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല’: വിമർശനവുമായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ

vishnu-unii874dfh

‘സബാഷ് ചന്ദ്രബോസ്’ സിനിമയ്ക്ക് എതിരെയുള്ള ഡീ​ഗ്രേഡിങ്ങില്‍ കടുത്ത വിമർശനവുമായി നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. സിനിമ ഇറങ്ങുന്നതിന് മുമ്പേ ഡീ​ഗ്രേഡ് ചെയ്യുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ വിഷ്ണു പറയുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. 1980 കളിലെ തെക്കൻ കേരളത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വിഷ്ണുവിന്റെ കുറിപ്പ് വായിക്കാം;

ഡിഗ്രേഡിങ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്. കേരളത്തിൽ മാത്രം ഇന്ന് രാവിലെ (ഓഗഗസ്റ്റ് 5) 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്നുള്ള പ്രൊഫൈലുകളാണ് ഇംഗ്ലിഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള രാജ്യാന്തര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. 

ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ രാജ്യാന്തര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാംപെയ്നുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം.

Tags:
  • Movies