Monday 12 August 2019 12:33 PM IST : By സ്വന്തം ലേഖകൻ

ടൊവീനോ, ഇന്ദ്രജിത്ത്, ജയസൂര്യ, പാർവതി...! അതിജീവനത്തിനായി കൈകോർത്ത് താരങ്ങളും

movie-new

മറ്റൊരു പ്രളയത്തെക്കൂടി അതിജീവിക്കാൻ, വ്യത്യാസങ്ങളേതുമില്ലാതെ, കേരളം ഒറ്റക്കെട്ടായി കൈകോർത്തു നിൽക്കുകയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ പ്രളയകാലത്തെന്ന പോലെ ഈ പ്രളയകാലത്തും സഹായ ഹസ്തം നീട്ടി മുന്നിൽ നിൽക്കുന്ന താരങ്ങളിൽ ഒരാള്‍ ടൊവീനോ തോമസാണ്.

ഇത്തവണയും ജന്മനാടായ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ താരം പങ്കാളിയായി.

പ്രളയത്തിൽ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് ആവശ്യമെങ്കിൽ വീട്ടിലേക്ക് വരാം, വീട് സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ടൊവീനോ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, വയനാട്ടിലെ ദുരന്തബാധിതമേഖലകളിലേക്ക് 10 ബയോ ടോയ്ലറ്റുകൾ എത്തിച്ചിരിക്കുകയാണ് ജയസൂര്യ. മാധ്യമ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് ജയസൂര്യ പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ചത്.

ഇന്ദ്രജിത്ത്, ഭാര്യ പൂർണിമ എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്ത മുഖത്തേക്കു സഹായമെത്തിക്കുന്ന അൻപോട് കൊച്ചിയുടെ പ്രവർത്തനം. പാര്‍വതി, സരയു തുടങ്ങി നിരവധി താരങ്ങൾ അൻപോട് കൊച്ചിക്കൊപ്പം പ്രവർത്തിക്കുന്നു.

കടവന്ത്രയിലെ റീജിണല്‍ സ്പോര്‍ട്സ് സെന്ററിൽ, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്.

നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് എന്നു തുടങ്ങി നിരവധി താരങ്ങൾ ദുരിതാശ്വാസ രംഗത്തുണ്ട്.