ആറു വർഷം മുൻപു ‘വനിത’യ്ക്കു വേണ്ടി ലെനയോടു സംസാരിക്കുമ്പോ ൾ ‘എങ്ങനെ ഇത്ര എനർജി കിട്ടുന്നു’ എന്നു ചോദിച്ചിരുന്നു. ‘ഒന്നും പ്ലാൻ ചെയ്യാതെ ജീവിക്കുന്നതിന്‍റെ സന്തോഷം തരുന്ന എനര്‍ജിയാണിത്’ എന്നായിരുന്നു ലെനയുെട മറുപടി. ലെന അന്നു പറഞ്ഞു, ‘ദൈവത്തിന്റെ സമ്മാനം എന്നൊന്നുണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. നമ്മൾ പ്ലാൻ ചെയ്യുന്നതിനേക്കാൾ മനോഹരമായ അനുഭവങ്ങളാകും ജീവിതം തിരിച്ചുതരിക. അപ്പോഴേ അത് ആസ്വദിക്കാനാകൂ.’
ലെനയും ഇന്ത്യയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബി. നായരും വിവാഹിതരായ വാർത്ത വന്ന ദിവസം ഇക്കാര്യം പറഞ്ഞാണു സംസാരം തുടങ്ങിയത്. ‘ആറു വർഷം മുൻപു സംസാരിച്ച കാര്യം ഈ നിമിഷത്തിലാണല്ലോ ഓർമ ഉള്ളത്. ആ ഓർമ ഈ നിമിഷത്തിൽ ഇല്ലെങ്കിൽ ആ ഓർമ ഇല്ല...’ ആ ‘സ്പിരിച്വൽ’ അവലോകനത്തിനു ശേഷം ലെന ഉറപ്പു നൽകി, ‘എല്ലാ വിശേഷങ്ങളും പറയാം, ഒരുപാടു വൈകാതെ തന്നെ...’ ഇന്ത്യയുടെ അ ഭിമാന ബഹിരാകാശ പദ്ധതി ഗഗൻയാന്റെ ഭാഗമായി അമേരിക്കയിലെ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിലേക്കു പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ പ്രശാന്ത് ബി. നായരുമുണ്ട്. വനിതയുെട ഒാണപ്പതിപ്പിനു വേണ്ടി ലെനയാണു സംസാരിച്ചത്. സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിനാൽ പ്രശാന്തിനു മാധ്യമങ്ങളോടു സംസാരിക്കാനാകില്ല.
ആ രഹസ്യം, വിവാഹം
പന്ത്രണ്ടു വർഷം സിംഗിളായി ജീവിച്ച, ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം പെട്ടെന്നാണ് എന്നു പറഞ്ഞാണ് ലെന സംസാരം തുടങ്ങിയത്. ‘‘ഞാനെഴുതിയ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച പിറകേ നല്‍കിയ അഭിമുഖത്തോടൊപ്പം വന്ന വിഡിയോ വൈറലായതിൽ നിന്നാണു തുടക്കം.
‘കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു’ എന്നൊക്കെയുള്ള പരാമർശങ്ങൾ അതിലുണ്ടായിരുന്നു. സ്പിരിച്വാലിറ്റിയെ കുറിച്ച് അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉള്ളതു കൊണ്ടാകാം കുറേ ട്രോളുകളും റീലുകളും പിന്നാലെ വന്നു. സിനിമാക്കാരുടെ ഇന്റർവ്യൂ കാണുക പോലും ചെയ്യാത്ത കുറേ പേരുണ്ടെന്ന് എനിക്കു മനസ്സിലായത് അതിനു ശേഷമാണ്. അക്കൂട്ടത്തിൽ ഒരാളാണു പ്രശാന്തേട്ടനും.
‘‘ഇന്റർവ്യൂവില്‍ ആത്മീയതയും കുറേയുള്ളതു െകാണ്ടാകാം, അതു കണ്ടു കുറേപേർ വിളിച്ചു. കവികളും എഴുത്തുകാരും ശാസ്ത്രജ്ഞരും പണ്ഡിതരുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. നവംബർ 30 ന് ഒരു മെസേജ്. ‘അയാം ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, എ ഫൈറ്റർ പൈലറ്റ് വി ത് ദി ഇന്ത്യൻ എയർഫോഴ്സ്. യുട്യൂബ് ഇന്റർവ്യൂ കണ്ടു, നിങ്ങളുടെ പുസ്തകം വാങ്ങി വായിച്ചു. വളരെ ഇംപ്രസീവായി തോന്നി, അഭിനന്ദനങ്ങൾ...’
അഭിമുഖത്തിലെയും പുസ്തകത്തിലെയും ചി ല പരാമർശങ്ങൾ എടുത്തു പറഞ്ഞു രണ്ടു മൂന്നു മെസേജുകൾ കൂടി പിന്നീടു വന്നു. നേരിൽ കാണാൻ അവസരം കിട്ടിയാൽ കൂടുതൽ സംസാരിക്കാം എന്ന അവസാന മെസേജ് മനസ്സിലുടക്കിയെന്നു ലെന ചെറുനാണത്തോടെ സമ്മതിക്കുന്നു.
അഭിമുഖം പ്രശാന്ത് കാണാൻ കാരണക്കാരൻ മോഹൻലാലാണ്. ഓഷോയുടെ പുസ്തകം മോഹൻലാൽ സജസ്റ്റ് ചെയ്ത കാര്യം പറയുന്ന ഷോർട്ട് വിഡിയോ ‘മോഹൻലാൽ എന്റെ ആത്മീയ ഗുരുവാണ്’ എന്ന തലക്കെട്ടോടെയാണു പോസ്റ്റു ചെയ്തിരുന്നത്. സ്പിരിറ്റിൽ അഭിനയിച്ച നടിയെ സ്പിരിച്വാലിറ്റി വിഡിയോയിൽ കണ്ട കൗതുകത്തിലാണു പ്രശാന്ത് ക്ലിക് ചെയ്തതത്രേ. സുഹൃത്തായ രജനിയുടെ ഭർത്താവു ശ്യാമിനു പരസ്യമേഖലയിലാണു ജോലി. ആ വഴിക്കാണു നമ്പർ സംഘടിപ്പിച്ചത്.
ഇടി, വിശ്രമം, പ്രണയം
ഇടിയൻ ചന്തു എന്ന സിനിമയിൽ ലെന അഭിനയിക്കുന്ന സമയമാണത്. പീറ്റർ ഹെയ്നാണു സ്റ്റണ്ട് കൊറിയോഗ്രാഫർ. ഒരു നിർണായക രംഗത്തിൽ ലെനയ്ക്കു ഫൈറ്റുണ്ട്. ആദ്യ മൂന്നു ടേക്കും ഓക്കെയായെങ്കിലും പീറ്റർ ഹെയ്ന് കുറച്ചുകൂടി പെർഫെക്‌ഷൻ വേണമെന്ന് ആഗ്രഹം. അടുത്ത ടേക്ക് ഓക്കെ, പക്ഷേ, ലെനയുടെ കൈ ഒടിഞ്ഞു.
‘‘പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണു പ്രശാന്തിന്റെ മെസേജ് വന്നത്.’’ ലെന ഒാര്‍ക്കുന്നു. ‘‘സംസാരിക്കാനും ചാറ്റ് ചെയ്യാനും ഇഷ്ടം പോലെ സമയം കിട്ടിയതോടെ പരസ്പരം വൈബ് മനസ്സിലായി. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ കഴിക്കുന്നയാളാണു ഞാൻ. പ്രശാന്തേട്ടനും അങ്ങനെ തന്നെ. വായിച്ചിട്ടുള്ള പുസ്തകങ്ങളും ഇഷ്ടമുള്ള ഭക്ഷണവും സിനിമയുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സാമ്യം. ഇന്നലെ ചെയ്ത കാര്യമോർത്തു കുറ്റബോധത്തോടെ ഇരിക്കാനും നാളെ എന്താകും എന്നോർത്തു ടെൻഷനടിക്കാനും രണ്ടുപേർക്കും ഇഷ്ടമില്ല.
സ്പിരിച്വൽ കാര്യങ്ങൾ മാത്രമല്ല, ജീവിതവും ഒരുപോലെ ആസ്വദിക്കുന്നവരാണു ഞങ്ങളെന്നു മനസ്സിലായി. ഇ ക്കാര്യമൊക്കെ വീട്ടിൽ പറഞ്ഞതോെട അവരാണു വിവാഹാലോചനയായി മുന്നോട്ടു പോയത്.’’
ജീവിതത്തെക്കുറിച്ചു ലെനയുടെയും പ്രശാന്തിന്റെയും ഒരു യെമണ്ടൻ തിയറിയുണ്ട്, ‘മറ്റുള്ളവർ വളരെ മോശം സമയമെന്നു വിചാരിക്കുന്നതൊക്കെ യഥാർഥത്തിൽ നമുക്കു നല്ലതായിരിക്കും.’
ഇന്റർവ്യൂ വൈറലായ പിറകേ ട്രോളുകളുമായി അക്ഷരാർഥത്തിൽ ‘എയറി’ലായിരുന്നു ലെന. ‘അയ്യോ പാവം, ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും’ എന്നു മറ്റുള്ളവർ സ്വാഭാവികമായും ചിന്തിക്കാം. പക്ഷേ, ആ വിഡിയോയും ട്രോളുകളും കൊണ്ടു കുറേ നല്ല കാര്യങ്ങൾ ജീവിതത്തിലുണ്ടായെന്നു ലെന പറയുന്നു. ‘‘ഷാർജ ബുക്ഫെയറിനു ക്ഷണം കിട്ടിയതിനു പിന്നാലെ പെൻഗ്വിൻ ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധരായി വന്നു. അതു ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി.
അഭിമുഖത്തിന്റെ പൂർണരൂപം വനിത സെപ്റ്റംബർ ആദ്യ ലക്കത്തിൽ