Tuesday 29 September 2020 02:09 PM IST : By സ്വന്തം ലേഖകൻ

കന്മദത്തിലെ പ്രിയ മുത്തശ്ശി; നടി ശാരദ നായർ ഓർമ്മയായി

saradha-nair5566

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം കന്മദത്തിലെ മുത്തശ്ശി കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടി ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതാനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.

മോഹൻലാലിനെയും മഞ്ജു വാരിയറെയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതദാസ് ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാരിയരുടെ മുത്തശ്ശിയായിരുന്നു ശാരദ നായർ വേഷമിട്ടത്.

1999 ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷമിട്ടിരുന്നു. സിനിമയിൽ മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു വേഷമിട്ടത്. വിട പറഞ്ഞ കലാകാരിയ്ക്ക് മോഹൻലാൽ, ഫെഫ്ക ഡയറക്ടേഴ്സ്‌ യൂണിയൻ എന്നിവർ അനുശോചനം അർപ്പിച്ചു. 

Tags:
  • Movies