കടന്നു പോയ സങ്കടനിമിഷങ്ങളെക്കുറിച്ചും ജീവിത പ്രതിസന്ധികളെ കുറിച്ചും തുറന്നു പറഞ്ഞ് നടി ഷോൺ റോമി. 2024 അതിജീവനത്തിന്റെ വർഷമായിരുന്നുവെന്ന ആമുഖത്തോടെയാണ് സോഷ്യൽ മീഡിയയിലൂടെ ഷോൺ റോമിയുടെ വെളിപ്പെടുത്തൽ. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതം സങ്കീർണമാക്കി മാറ്റിയത്. തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായെന്നും സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ എടുക്കേണ്ടി വന്നെന്നും ഷോൺ പറയുന്നു. ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച റീലിലൂടെ തനിക്കു സംഭവിച്ച അവസ്ഥ ഷോൺ റോമി വിശദീകരിക്കുന്നുമുണ്ട്.
‘‘കടന്നുപോയ 2024 വർഷം എന്നെ സംബന്ധിച്ചടത്തോളം കുറച്ച് ‘വൈൽഡ്’ ആയിരുന്നു. ശരീരത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൈവിട്ടു പോകുന്ന സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, മറ്റുചിലതെല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കേണ്ടി വന്നു. എന്റെ ബെസ്റ്റിയുമായി ഒത്തുചേർന്നു. അവളെ ദൈവം എന്നിലേക്കെത്തിച്ചതാണ്. അവളുടെ വാക്കുകൾ ഞാൻ ഹൃദയത്തിലേക്കെടുത്തു. ഇത് ജീവിതത്തിൽ കടന്നുപോകുന്നൊരു ഘട്ടം മാത്രമാണ്. എന്റെ തലമുടിയിഴകൾ ഒരുമാസത്തിനുള്ളിൽ തിരികെവരും എന്നവൾ പറഞ്ഞു. അതങ്ങനെ തന്നെ സംഭവിച്ചു.
ഓരോ മാസത്തിലും രണ്ടാഴ്ചയുടെ ഇടവേളയിൽ സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വർക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാൻ ഭയന്നുപോയ നിമിഷങ്ങൾ. ശക്തമായി എന്ത് ചെയ്താലും, ഉടൻ തന്നെ ആർത്തവം ആരംഭിച്ചിരുന്നു. ശരിക്കും എനിക്ക് ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടതായി വന്നു
ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ എന്താവണം എന്ന് ഞാൻ ആഗ്രഹിച്ചക്കുന്നതിലല്ല. ഞാൻ ആരെന്ന തിരിച്ചറിവ് കൈവന്നതോടെ സുഖപ്പെടാൻ ആരംഭിച്ചു. 2024 പവിത്രവും, ശക്തവും, മാറങ്ങളുടേതുമായിരുന്നു. ചിലതെല്ലാം അറിയാതിരിക്കുന്നതിലും, നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാൻ ആശ്വാസം കണ്ടെത്തി.’’–ഷോൺ റോമിയുടെ വാക്കുകൾ.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ഷോൺ റോമി പ്രേക്ഷകർക്ക് സുപരിചതയാകുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി എന്നിവയാണ് നടിയുടെ മറ്റു പ്രധാന സിനിമകൾ.