Tuesday 12 March 2019 10:44 AM IST : By ടെസ്മി അന്ന

ഷീല രാഷ്ട്രീയം വേണ്ടെന്നു വച്ചു, അതിനൊരു കാരണവുമുണ്ട്; മനസു തുറന്ന് താരം

shila

തിരുവനന്തപുരം∙ പതിമൂന്നാം വയസ്സിൽ ‘പാസ’ത്തിലൂടെ സിനിമയിലെത്തിയതാണ്.  56 കൊല്ലം പിന്നിട്ടു.  ഹൃദയബന്ധമുള്ള പലരും സിനിമയിൽ നിന്നു മാറി രാഷ്ട്രീയത്തിലെ  നായകനും നായികയുമെക്കെയായി മാറി. പക്ഷേ ഷീല രണ്ടു വട്ടമേ ജീവിതത്തിൽ ഇന്നേവരേ വോട്ടു ചെയ്തിട്ടുള്ളൂ. 

ഇഷ്ടമില്ലാത്തതു കൊണ്ടല്ല, എന്തോ കാലക്കേടു കൊണ്ട് വോട്ടർ പട്ടികയിൽ പേരു വരുന്നില്ലെന്നു മാത്രം. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ പല തവണ പറഞ്ഞ് ഉറപ്പു വരുത്തിയിട്ടും പട്ടികയിൽ പേരു വന്നിട്ടില്ല. മകനും മരുമകളും വോട്ടു  ചെയ്യുമ്പോഴും എനിക്ക് വോട്ടില്ലായിരുന്നു. തിരഞ്ഞെടുപ്പു  പ്രക്രിയയിൽ പങ്കെടുക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ് . അതിനു സാധിക്കാത്തതിൽ നല്ല വിഷമമുണ്ട്. 

രാഷ്ട്രീയം ? 

രാഷ്ട്രീയത്തിലേക്ക്  ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആർക്കെങ്കിലുമൊക്കെ നന്മ ചെയ്യാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത, എന്നാൽ രാഷ്ട്രീയക്കാരെക്കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ  ആ ആഗ്രഹം ഉപേക്ഷിച്ചു. കുടിവെള്ള പ്രശ്നം, തൊഴിലില്ലായ്മ അങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന പലതുമുണ്ട്, പൊതു നന്മയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു കരുതി. പക്ഷേ രാഷ്ട്രീയത്തിനു പിന്നിലെ കളികൾ അറിഞ്ഞപ്പോൾ ആ ആഗ്രഹം വേണ്ടെന്നു വച്ചു. 

സ്ത്രീ സുരക്ഷയെക്കുറിച്ച് ? 

പണ്ട് സിനിമാ സെറ്റിലും മറ്റും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലായിടത്തും  സ്ത്രീസുരക്ഷയുടെ കരുതലുണ്ട്. പിങ്ക് പൊലീസൊക്കെ എപ്പോഴും സഹായത്തിന് എത്തും. എന്നാൽ അവരെ വിളിക്കേണ്ട നമ്പർ കുട്ടികളൊന്നും ഓർത്തിരിക്കാൻ ശ്രമിക്കുന്നില്ല. ഫോണിൽ ഏറ്റവും എളുപ്പം എടുക്കാവുന്ന തരത്തിൽ അത് സേവ് ചെയ്തിരിക്കണം. ലിപ്സ്റ്റിക്കോ ക്രീമോ കയ്യിൽ സൂക്ഷിക്കുന്നതു പോലെ ഒരു പെപ്പർ സ്പ്രേ കയ്യിൽ കരുതണം. പെൺകുട്ടികൾ സ്വയം സുരക്ഷ ഉറപ്പു വരുത്തണം. 

∙‘കുമ്പളങ്ങി നൈറ്റ്സ്’ പോലുള്ള സിനിമകൾ ? 

മലയാള സിനിമ ഒരുപാടു മാറി. അദ്ഭുതാവഹമായ  മാറ്റമാണ്. കുമ്പളങ്ങി കണ്ടു, ഇഷ്ടമായി. എനിക്ക് ഇത്തരം സിനിമകളിൽ വേഷങ്ങളില്ല. അതു വ്യത്യസ്തമായ രീതിയും പശ്ചാത്തലവുമാണ്. പുതിയ ധാരാളം നടന്മാരും നടിമാരുമുണ്ട്. അഭിനയവും രീതികളും ഒക്കെ വ്യത്യസ്തമാണ്. പാർവതിയെ  ഇഷ്ടമാണ്. കുമ്പളങ്ങി നൈറ്റ്സിലെ നായിക ചെറിയ പെൺകുട്ടിയാണ്. എല്ലാവരും നല്ല അഭിനേതാക്കൾ. 

എതിർപ്പുകൾ ? 

സിഗരറ്റിന്റെ പായ്ക്കിനു മുകളിലെ പടം കണ്ടിട്ടുണ്ടോ അത്രയും അറപ്പുതോന്നുന്ന ഒന്നില്ല. എന്തിനാണ് സർക്കാരുകൾ ഇത്രയും ഹാനികരമായ സാധനങ്ങൾ വിൽക്കുന്നത്. വിൽക്കാതിരിക്കാൻ പറ്റില്ലെങ്കിൽ അതിനു വില കൂട്ടട്ടെ. സാധാരണക്കാരനെക്കൊണ്ട് അതു വാങ്ങി വലിക്കാൻ പറ്റാത്ത സ്ഥിതി വരട്ടെ. മദ്യവും അതു പോലെ തന്നെയാണ്. സിനിമകളിലൊക്കെ എഴുതിക്കാണിക്കും മദ്യം വിഷമാണെന്ന്.

എന്നിട്ടു കാണിക്കുന്നതോ, ഗ്ലാസിലേക്കു മദ്യം ഒഴിക്കുന്നതിന്റെയും ഐസ് വീഴുന്നതിന്റെയും ദ്യശ്യങ്ങൾ. ഇതു  കാണുമ്പോൾ മദ്യം ഇഷ്ടമല്ലാത്തവർക്കു പോലും കുടിക്കാൻ തോന്നും. അത്തരം പ്രലോഭനങ്ങൾ ഉണ്ടാക്കുന്നത് എന്തിനാണ്. ഒരാൾ സങ്കടം വന്നാലും സന്തോഷം വന്നാലും മദ്യപിക്കുന്നു. ഹീറോയിസം കാണിക്കാൻ സിഗരറ്റ് വലിക്കുന്നു. അത് എത്ര തെറ്റായ ഉദാഹരണമാണ്. ഫാൻസ് അതല്ലേ അനുകരിക്കൂ. വലിയ നടന്മാർക്കെങ്കിലും ഇത്തരം സീനുകൾ തങ്ങളുടെ സിനിമയിൽ വേണ്ടെന്നു തീരുമാനിച്ചു കൂടെ? 

പുതിയ സിനിമകൾ ?

എ ഫോർ ആപ്പിൾ എന്നൊരു ചിത്രം വരാനുണ്ട്. മറ്റു സിനിമകളുടെ കഥ കേൾക്കുന്നുണ്ട്. ഒരു വർഷം ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. 

കുടുംബം? 

മകനോടും കുടുംബത്തോടുമൊപ്പം ചെന്നൈയിലാണു താമസം. മകൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നു.