Saturday 19 September 2020 02:49 PM IST

‘അടൂർഭാസി ഇല്ലായിരുന്നെങ്കിൽ ശ്രീലത എന്ന നടി ഉണ്ടാകുമായിരുന്നില്ല; മരിച്ചുപോയവരുടെ കുഴിമാടം തോണ്ടി അപമാനിക്കുന്നത് എന്തിന്?’

V R Jyothish

Chief Sub Editor

sreelatha-namboothiri7788766

അടൂർഭാസി ഇല്ലായിരുന്നെങ്കിൽ ശ്രീലത എന്ന നടി ഉണ്ടാകുമായിരുന്നില്ല. ‘‘സത്യമാണിത്. അതിശയോക്തിയായി പറഞ്ഞതല്ല. ശ്രീലത നമ്പൂതിരി ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുകാരണം അടൂർഭാസി തന്നെ.’’ - പറയുന്നത് ശ്രീലത നമ്പൂതിരിയാണ്. ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യജോടികളായിരുന്നു അടൂർഭാസിയും ശ്രീലതയും. പ്രധാന കഥാതന്തുവിന് കൊഴുപ്പേകാൻ സമാന്തരമായൊരു കോമഡി ട്രാക്ക് അന്ന് സിനിമകളിലുണ്ടായിരുന്നു. അറിയപ്പെടുന്നൊരു ഹാസ്യനടനും നടിയും കുറച്ചു സഹായികളുമായിരുന്നു അതിൽ അഭിനയിച്ചിരുന്നത്. പിന്നീട് സിനിമയുടെ ഈ ഫോർമുല മാറി. പ്രധാനകഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന കോമഡിയുടെ സമാന്തര ട്രാക്ക് ഇല്ലാതായി. 

മലയാള സിനിമയിലെ ചാർലി ചാപ്ലിൻ എന്നുവരെ വിശേഷിപ്പിക്കപ്പെട്ട നടനാണ് അടൂർഭാസി. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ടും ഹാസ്യാഭിനയരംഗത്തെ മൗലികത കൊണ്ടും മൂന്നര പതിറ്റാണ്ടോളം അദ്ദേഹം സിനിമയിൽ നായകകഥാപാത്രങ്ങൾക്കു സമാന്തരമായി സ‍ഞ്ചരിച്ചു. അദ്ദേഹം തെളിച്ച വഴികളിലൂടെയാണ് പിന്നീട് വന്ന പല ഹാസ്യനടന്മാരും സഞ്ചരിച്ചത്.

അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം; ഏറെക്കുറെ മൂന്നു പതിറ്റാണ്ടു മുമ്പ്. എന്നിട്ടും ഈ അടുത്തകാലത്ത് അദ്ദേഹം വീണ്ടും വാർത്തയിലേക്കു വന്നു. മലയാളത്തിലെ ഒരു പ്രമുഖ നടി അദ്ദേഹത്തിനെതിരെ ഉയർത്തിയ ആരോപണങ്ങളായിരുന്നു ആ വാർത്തയ്ക്കു കാരണമായത്. അന്നും അടൂർഭാസിക്കുവേണ്ടി സംസാരിക്കാനുണ്ടായിരുന്നത് ശ്രീലതാ നമ്പൂതിരിയായിരുന്നു.

‘‘ഭാസിച്ചേട്ടനെതിരെ ഈ അടുത്തകാലത്ത് ചില ആരോപങ്ങൾ ഉയർന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സംസാരിക്കാൻ ആരും ഉണ്ടായില്ല. മരിച്ചുപോയവരുടെ കുഴിമാടം തോണ്ടി എന്തിനാണ് അപമാനിക്കുന്നത് എന്ന് എനിക്കു മനസിലാവുന്നില്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതൊന്നും പറയാനുള്ള ധൈര്യം ഇല്ലാത്തവരാണ് ഇത്തരം ആരോപണങ്ങളുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. പിന്നെ മറ്റൊരാളിനുമേൽ കുറ്റം ആരോപിക്കുമ്പോൾ നമ്മുടെ യോഗ്യത കൂടി നോക്കണ്ടേ...’’- ശ്രീലതാ നമ്പൂതിരി ചോദിക്കുന്നു.

‘ലോകം അറിയുന്നതുപോലെ തന്നെ ഭാസിച്ചേട്ടൻ പിശുക്കനായിരുന്നു. അതുപക്ഷേ താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിനോടായിരുന്നു. അല്ലാതെ അന്യന്റെ മുതലിൽ അദ്ദേഹം കണ്ണു വച്ചില്ല. നായകനടന്മാർക്കു കിട്ടുന്ന പരിഗണന കോമഡി കാണിക്കുന്ന തന്നെപ്പോലെയുള്ളവർക്കു കിട്ടുന്നില്ലെന്ന പരാതി ഭാസിച്ചേട്ടനുമുണ്ടായിരുന്നു, അതിൽ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. അന്ന് കോമഡി അവതരിപ്പിക്കാൻ തയ്യാറായ നടികളും കുറവായിരുന്നു. 

എന്നെപ്പോലെയൊരാൾ ആ സ്ഥാനത്തു വന്നപ്പോൾ അദ്ദേഹം പരമാവധി പ്രോത്സാഹിപ്പിച്ചു. അടൂർഭാസിയുടെ നായികയാണു ഞാനെന്ന് അദ്ദേഹം മറ്റുള്ളവർക്കു പരിചയപ്പെടുത്തി. പരമാവധി സിനിമകളിൽ സഹകരിപ്പിച്ചു. മറ്റുള്ളവരോടു പറഞ്ഞ് അവസരങ്ങൾ വാങ്ങിത്തന്നു. ഭാസിച്ചേട്ടനുമായി എനിക്ക് എന്താണു ബന്ധമെന്നു ചോദിക്കുന്നവരോടാണ് ഞാനീക്കാര്യം പറയുന്നത്.’- വനിതയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവർ വ്യക്തമാക്കി.ഇങ്ങനെയൊക്കെയാണെങ്കിലും അടൂർഭാസിയുടെ ജോടിയായി അഭിനയിക്കാൻ ആദ്യം വിമുഖത കാണിച്ച നടിയായിരുന്നു താനെന്ന സത്യവൂം അവർ തുറന്നു പറഞ്ഞു. 

sreelatha-namboothiri-bahadoor-adoor-bhasi-babumon-1975-1

‘പത്താംക്ലാസ് കഴിഞ്ഞ ഉടനെയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ വേണ്ടി മദ്രാസിൽ വരുന്നത്. ഭാസിച്ചേട്ടന് അന്ന് നല്ല പ്രായമുണ്ട്. പ്രേംനസീറിന്റെ നായികയാണു ഞാൻ എന്നു കരുതിയാണു വന്നത്. പിന്നീടാണ് അറിഞ്ഞത് നായകൻ ഇദ്ദേഹമാണെന്ന്. അന്നു പിന്നെ വലിയ പക്വതയൊന്നുമില്ലല്ലോ? പിന്നെ എനിക്ക് നാടകത്തിൽ തുടരാനായിരുന്നു താത്പര്യം. അതുകൊണ്ടാണ് ആ സിനിമ ഉപേക്ഷിച്ചത്.’- ആദ്യ സിനിമ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം ശ്രീലത നമ്പൂതിരി വ്യക്തമാക്കി.

മലയാളസിനിമയിൽ ഇതുപോലെ നായികമാർ പിണങ്ങിപ്പോവുന്നത് ഒറ്റപ്പെട്ട സംഭവമല്ല. നായകന്മാർക്കു സൗന്ദര്യമില്ലെന്നും നിറം കുറവാണെന്നും പറഞ്ഞ്  പല നായികമാരും സിനിമയിൽ നിന്നു പിൻമാറിയിട്ടുണ്ട്. എന്നാൽ ഈ നായികമാർ പിന്നീട് സിനിമയുടെ പിന്നാമ്പുറങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്നത് കാലത്തിന്റെ കാവ്യനീതി.

‘ഭാസിച്ചേട്ടനുമായുള്ള ആദ്യത്തെ സിനിമ ഉപേക്ഷിച്ചെങ്കിലും വീണ്ടുമൊരു സിനിമ വന്നു. ‘പഠിച്ച കള്ളൻ.’ കൃഷ്ണൻ നായർ സാറിന്റെ സംവിധാനം. തമിഴ് സിനിമയുടെ റീമേക്ക്. തങ്കവേലുവും എം. സരോജവും അഭിനയിച്ച സിനിമ. സരോജത്തിന്റെ റോളിലേക്കാണു വിളിക്കുന്നത്. കോമഡിയാണ്. കോമഡി ചെയ്തുള്ള പരിചയമൊന്നുമില്ലെങ്കിലും സമ്മതിച്ചു. അങ്ങനെയാണ് ഭാസിച്ചേട്ടന്റെ നായികയായി അരങ്ങേറിയത്.

അന്ന് സിനിമ രണ്ടു ട്രാക്കാണ്. കോമഡി വേറെ ട്രാക്കിലാണ്. ആ ട്രാക്ക് എഴുതുന്നത് ഭാസിച്ചേട്ടനാണ്. യഥാർത്ഥത്തിൽ കുറച്ചു കഥാപാത്രങ്ങളെയും മനസിലിട്ടുകൊണ്ടാണ് അദ്ദേഹം സെറ്റിൽ വരുന്നത്. അവിടെയിരുന്ന് സമാന്തരമായൊരു കോമഡികഥയുണ്ടാക്കും. അത് സംവിധായകനെ ബോധ്യപ്പെടുത്തും. അങ്ങനെ തിരക്കഥ പൂർത്തിയാക്കിയിട്ടാണ് അഭിനയിക്കുന്നത്. അല്ലാതെ വെറുതെ വന്ന് അഭിനയിച്ചു പോവുകയല്ല.’ -ശ്രീലത നമ്പൂതിരി പറയുന്നു.

മലയാള സിനിമയുടെ ബ്ലാക് ആന്റ് ൈവറ്റ് കാലത്ത് സത്യനോടൊപ്പം അഭിനയിച്ചു തുടങ്ങിയ നടിയാണ് ശ്രീലത നമ്പൂതിരി. ഇന്നത്തെ ന്യൂജനറേഷനോടൊപ്പവും അവർ അഭിനയിക്കുന്നു. അഭിനയം മാത്രമല്ല അറിയപ്പെടുന്ന ഗായിക കൂടിയാണ് അവർ. ദക്ഷിണാമൂർത്തി സ്വാമികളാണ് സംഗീത ഗുരു. സിനിമയിൽ പാടി അഭിനയിച്ചിട്ടുള്ള അപൂർവം നടിമാരിൽ ഒരാളാണ് ശ്രീലതാ നമ്പൂതിരി.

അമ്പതു വർഷത്തിലേറെയായി സിനിമയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശ്രീലതാ നമ്പൂതിരിയുടെ ജീവിതാനുഭങ്ങൾ അവർ ഈ ലക്കം വനിതയിൽ പങ്കുവയ്ക്കുന്നുണ്ട്. മറ്റുള്ളവരോടുള്ള പ്രേംനസീറിന്റെ കാരുണ്യം മാത്രമല്ല അദ്ദേഹത്തിൽ ഒരു ഗായകനുണ്ടായിരുന്നു എന്ന അധികമാർക്കും അറിയാത്ത രഹസ്യവും ശ്രീലതാ നമ്പൂതിരി പങ്കുവയ്ക്കുന്നു. സത്യനോടൊപ്പം അഭിനയിച്ചവരിൽ ഇന്നു ജീവിച്ചിരിക്കുന്ന അപൂർവം പേരിൽ ഒരാളാണ് ശ്രീലത. 

കമലഹാസൻ മലയാളസിനിമയിൽ സജീവമായിരുന്ന ഒരുകാലമുണ്ടായിരുന്നു അന്നും ശ്രീലത സജീവമായിരുന്നു. മാത്രമല്ല നടൻ ജയന്റെ അപകടമരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടിയുമാണ് ശ്രീലത. സിനിമയിലെ അരനൂറ്റാണ്ടുകാലത്തെ ചിരിയും കണ്ണീരും കലർന്ന ഓർമ്മയുടെ താളുകൾ അവർ ഈ ലക്കം വനിതയിൽ വായനക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്. 

Tags:
  • Movies