Monday 08 April 2019 10:52 AM IST : By സ്വന്തം ലേഖകൻ

ഐശ്വര്യയും നയൻസും ഒന്നിക്കുന്നു, ഒപ്പം ബിഗ് ബിയും ചിയാനും കാർത്തിയും ജയം രവിയും! മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ വരുന്നു

aiswarya-nayan-new

ഒടുവിൽ ആ സ്വപ്ന സംഗമത്തിന് കളമൊരുങ്ങുന്നു. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ സംഭവിച്ചാൽ ഇന്ത്യൻ സിനിമയിലെ രണ്ട് താരറാണിമാർ മണിരത്നം സിനിമയ്ക്കായി കൈകോർക്കും.

സംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന പ്രൊജക്ടായ ‘പൊന്നിയിൻ സെൽവൻ’ നയൻതാരയുടെയും ഐശ്വര്യ റായിയുടെയും സംഗമ വേദിയാകുമെന്നാണ് കോളിവുഡില്‍ നിന്നുള്ള വാർത്ത.

വളരെക്കാലമായി മാറ്റിവച്ചിരുന്ന ചിത്രം വീണ്ടും തുടങ്ങാനുളള തയാറെടുപ്പിലാണത്രേ മണിരത്നം. കോളിവുഡിൽനിന്നും ബോളിവുഡിൽനിന്നും വൻതാരങ്ങള്‍ ചിത്രത്തിൽ അണിനിരക്കും.

അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നുള്ള വാർത്തകൾ സജീവമാകുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ‘മധുരന്തക ഉത്തമ ചോഴ’യുടെ ഭാര്യ ‘പൂങ്കുഴലി’യുടെ റോളായിരിക്കും നയൻതാര ചെയ്യുക.

അമിതാഭ് ബച്ചൻ (സുന്ദര ചോഴയാർ), ഐശ്വര്യ റായ് ബച്ചൻ (നന്ദിനി), ജയം രവി (അരുൾമൊഴി വർമൻ), കീർത്തി സുരേഷ് (കുന്തവായ് നാച്ചിയാർ), ചിയാൻ വിക്രം (ആദിത്യ കരികാലൻ), കാർത്തി (വാന്ദ്യ ദേവൻ) എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായെത്തുന്നതെന്നാണ് റിപ്പോർട്ട്.

കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള ചരിത്ര നോവൽ ആസ്പദമാക്കിയുളളതാണ് ചിത്രം.

ലൈക പ്രൊഡക്ഷൻസ് ആണ് പൊന്നിയിൻ സെൽവൻ സിനിമയുടെ നിർമ്മാതാക്കൾ.