Wednesday 26 September 2018 09:42 AM IST : By സ്വന്തം ലേഖകൻ

‘‘ഇന്നത് വായിക്കുമ്പോൾ ലജ്ജയും നാണക്കേടും തോന്നുന്നു’’; പൃഥ്വിരാജ് ഫാൻസിനോട് ക്ഷമ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

al

‘‘മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു’’. പറയുന്നത് യുവ നായിക ഐശ്വര്യ ലക്ഷ്മിയാണ്. പണ്ടെങ്ങോ ഫാനിസത്തിന്റെ ആവേശത്തിൽ പറഞ്ഞു പോയ ഒരു അഭിപ്രായത്തിനാണ് പൃഥ്വിരാജിന്റെ ആരാധകരോട് ഐശ്വര്യ പരസ്യമായി ക്ഷമ ചോദിച്ചത്.

“അപ്പോഴത്തെ തെറ്റ് മനസ്സിലാക്കി ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ തോന്നിയതിന് ഒരുപാട് നന്ദി” എന്നിങ്ങനെ പൃഥ്വിരാജ് ആരാധകർ ഫേസ്ബുക്കില്‍ ഐശ്വര്യയുടെ കുറിപ്പിന് താഴെ പ്രതികരിക്കുന്നുണ്ട്.

2012 ലാണ് സംഭവം. ഐശ്വര്യ സിനിമയിൽ വരുന്നതിന് എത്രയോ വർഷം മുൻപ്. ‘ഔറംഗസേബ്’ എന്ന ഹിന്ദി ചിത്രം റിലീസ് ആയ സമയം. അതിലെ നായകന്മാരായ അര്‍ജ്ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് കീഴില്‍ അന്നത്തെ ഐശ്വര്യ ഇട്ട ഒരു കമന്റ് ആണ് ഇന്നത്തെ മാപ്പ് പറച്ചിലിന് പിന്നില്‍.

“ഇഷക്സാദെ നായകന് (അര്‍ജ്ജുന്‍ കപൂര്‍) ഉമ്മ” എന്നാണ് ഐശ്വര്യ ഫേസ്ബുക്കില്‍ കുറിച്ചത്. അതിനു താഴെ കൂട്ടുകാരികളുമായി നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെയും കൂടി പറഞ്ഞു.

“ഇടി കൊണ്ട് ‘ഡാമേജ്’ ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്‍. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് എപ്പോഴും”.

ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചതും ഇപ്പോൾ വീണ്ടും പൊങ്ങി വന്നതും.

ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘വരത്തന്‍’ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍.