Thursday 23 May 2019 04:48 PM IST : By സ്വന്തം ലേഖകൻ

‘മാധ്യമശ്രദ്ധ നേടാനുള്ള അയാളുടെ ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം’! അഭിഷേകിനെ അനുനയിപ്പിച്ച് ഐശ്വര്യ

aiswarya-new

ഐശ്വര്യ റായിയെ അപമാനിക്കുന്ന തരം ട്രോൾ ഷെയർ ചെയ്ത് കുടുക്കിലായ വിവേക് ഒബ്റോയ് ട്വീറ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല.

വിവേകിന്റെ ട്വീറ്റ് കണ്ടു രോഷാകുലനായ അഭിഷേക് ബച്ചനെ അനുനയിപ്പിക്കാൻ ഐശ്വര്യ റായ് തന്നെ മുൻകൈ എടുക്കേണ്ടി വന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പു ഫലം എന്നിവയെ ഐശ്വര്യ റായ് ബച്ചന്റെ വ്യക്തിജീവിതവുമായി താരതമ്യപ്പെടുത്തുന്ന മീം ട്വീറ്റ് ചെയ്തതാണ് വിവേക് വെട്ടിലാക്കിയത്. ട്വീറ്റിനെതിരെ ബോളിവുഡ് താരങ്ങളും ദേശീയ വനിതാ കമ്മീഷനും രംഗത്തു വന്നതോടെ വിവാദം കൊഴുത്തു.

സംഭവത്തില്‍ അഭിഷേക് ബച്ചൻ രോഷാകുലനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിവേകിന് മറുപടി കൊടുക്കണമെന്ന വാശിയിലായിരുന്ന അഭിഷേകിനെ അനുനയിപ്പിക്കാൻ ഐശ്വര്യ നേരിട്ട് ഇടപെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.

മാധ്യമശ്രദ്ധ നേടാനുള്ള വിവേകിന്റെ ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നായിരുന്നു ഐശ്വര്യയുടെ നിലപാട്. അതിനോടു പ്രതികരിക്കുന്നത് ഒബ്റോയിക്ക് അനാവശ്യ മാധ്യമശ്രദ്ധ നൽകുന്നതിനാകും ഉപകരിക്കുകയെന്നും ഐശ്വര്യ അഭിഷേകിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.