Monday 13 January 2025 11:15 AM IST : By സ്വന്തം ലേഖകൻ

‘അതിനൊക്കെ നീ ചെവി കൊടുത്തിരുന്നെങ്കിൽ ഇന്ന് രേഖയെ കണ്ട് കണ്ണ് നിറയാൻ അച്ചൂന് പറ്റില്ലായിരുന്നല്ലോ’: സഹോദരിയുടെ കുറിപ്പ്

aiswarya

ആസിഫ് അലിയെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ വലിയ വിജയം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ അനശ്വര രാജനെക്കുറിച്ച് സഹോദരി ഐശ്വര്യ രാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറൽ ആകുന്നു.

ഇങ്ങനെയൊക്കെ നടന്നില്ലായിരുന്നെങ്കിലെന്ന് ഒരുപാട് നാൾക്ക് ശേഷം തോന്നിപ്പോയ ഒരു അനുഭവമാണെനിക്ക് “രേഖയുടെ ചിത്രം” സ്നേഹം..അനുകമ്പ..സഹതാപം.

പ്രിയപ്പെട്ട അനശ്വരക്ക്,

ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22 കാരി ആയിരുന്നു സ്ക്രീനിലെ ആ പെൺകുട്ടി.
രേഖയെ മാത്രമേ കണ്ടിരുന്നുള്ളൂ.
സിനിമ ഒട്ടാകെ വീണ്ടും വീണ്ടും കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ഒരു വിസ്മയം.
കരച്ചിലോ സ്നേഹമോ വിഷമങ്ങളോ സന്തോഷമോ അതിശയമോ ഒന്നും തന്നെ ഞാൻ ഇന്ന് വരെയും കണ്ട, ഒന്നും ആയിരുന്നില്ല.
എല്ലാം വ്യത്യാസം...
മറ്റാരെയും ശ്രദ്ധിക്കാൻ പറ്റാതെ കാണികളെ ഒന്നാകെ ആശ്ലേഷിച്ച ആ പെൺകുട്ടിക്ക് ഒരിക്കലും പറഞ്ഞവസാനിപ്പിക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ...കയ്യടികൾ...
സന്തോഷം...അഭിമാനം...സ്നേഹം...

പ്രിയപ്പെട്ട ജോഫിൻ,

ഒരിക്കലും ആലോചിക്കാൻ സാധ്യത ഇല്ലാത്തൊരു കാര്യത്തിന് പുതിയ അർത്ഥതലങ്ങൾ നൽകിയതിന്...
ഒരിക്കലും ചെന്നെത്തില്ലായിരുന്നൊരു കാലത്തിന്റെ ഓർമ്മയിലേക്ക് അവളെയും എത്തിച്ചതിന്...
അഭിനന്ദനങ്ങൾ...

ഇനിയിപ്പോൾ ഏതു പേരിൽ അറിയപ്പെട്ടാലും, വെറുതെ വന്നതല്ല, അത്ര എളുപ്പവുമല്ല.

മറ്റാരെയും ഓർമ വരാത്ത സ്ഥിതിക്ക്, അതൊക്കെ കാണികൾ കയ്യടിച്ച സ്ഥിതിക്ക് അതൊരു അർഹതപ്പെട്ട അംഗീരമാണ്.

നിന്റെ വഴികളൊന്നും അത്ര എളുപ്പമായിരുന്നില്ല
അതിനൊക്കെ നീ ചെവി കൊടുത്തിരുന്നിരുന്നെങ്കിൽ ഇന്ന് രേഖയെ കണ്ട് കണ്ണ് നിറയാൻ അച്ചൂന് പറ്റില്ലായിരുന്നല്ലോ.

സിനിമ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാകും.

എന്ന്,
രേഖ പത്രോസിന്റെ ആരാധിക’.– ഐശ്വര്യ രാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ച കഥാപാത്രമാണ് രേഖ പത്രോസ്.