Wednesday 20 February 2019 02:22 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മക്കളെ വെറുതേ വിടൂ’! സോഷ്യൽ മീഡിയ വിമർശകർക്കെതിരെ അജയ് ദേവ്ഗൺ

ajay-new

ബോളിവുഡ് താരങ്ങളെപ്പോലെ പ്രശസ്തരും വാർത്താ വ്യക്തിത്വങ്ങളുമാണ് അവരുടെ മക്കള്‍. താരങ്ങള്‍ക്കു കിട്ടുന്ന മാധ്യമ ശ്രദ്ധ താരമക്കൾക്കും കിട്ടുന്നു. എന്നാൽ അനാവശ്യമായ സോഷ്യൽ മീഡിയ ചർച്ചകളിലേക്ക് താരങ്ങളുടെ മക്കള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോൾ അതു വലിയ വിവാദങ്ങളും കോലാഹങ്ങളുമുണ്ടാക്കാറുണ്ട്. അത്തരമൊരു വിവാദത്തിൽ തന്റെ മക്കളുടെ പേരു ചേർക്കപ്പെട്ടതിനെതിരെ അജയ് ദേവ്ഗൺ രംഗത്തെത്തിയതാണ് പുതിയ വാർത്ത.

തന്റെ മക്കളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്നാണ് അജയ് പറയുന്നത്. വേണമെങ്കിൽ തന്നെയും ഭാര്യ കജോളിനെയും വിലയിരുത്തിക്കൊള്ളൂ എന്നും മക്കളെ വെറുതെ വിടണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അജയ് ദേവ്ഗണിനും കജോളിനും രണ്ട് മക്കളാണ്. ന്യസയും യഗും. വിമാനത്താവളത്തില്‍ വെച്ചുള്ള ന്യസയുടെ ഒരു ഫോട്ടോ അടുത്തിടെ വലിയ വിമർശനത്തിനിടയായിരുന്നു. ഇതിനെതിരെയാണ് അജയ് രംഗത്തെത്തിയത്.

ചിലര്‍ക്ക് ഇതൊന്നും കാര്യമല്ലായിരിക്കും, പക്ഷേ മക്കള്‍ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ട്രോളുകള്‍ തന്നെ വേദനിപ്പിക്കുന്നതാണെന്ന് അജയ് പറയുന്നു.