Wednesday 17 October 2018 12:13 PM IST : By സ്വന്തം ലേഖകൻ

‘‘അതിന് അയാൾ എഴുതിയ അടിക്കുറിപ്പ് ‘ഐ ആം കമിങ്’ എന്നായിരുന്നു, അതെന്നെ ചിന്തിപ്പിച്ചു’’; അലൻസിയറിനെതിരെ ആഞ്ഞടിച്ച് വീണ്ടും ദിവ്യ: വിഡിയോ കാണാം

alancier-divya

അലൻസിയർ ലേ ലോപ്പസിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ദിവ്യ ഗോപിനാഥ്. താൻ നേരിട്ട ലൈംഗികാതിക്രമം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.

2017 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു ബെംഗലൂരിൽ ആഭാസം സിനിമയുടെ ഷൂട്ട്. പന്ത്രണ്ടാമത്തെ ദിവസം അലൻസിയർ ലൊക്കേഷനിൽ എത്തിയത് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചെന്ന് ദിവ്യ വ്യക്തമാക്കുന്നു. ആദ്യത്തെ കൂടിക്കാഴ്ചയിൽ പോലും അലൻസിയർ വളരെ മോശമായാണ് സംസാരിച്ചതെന്നും മറ്റ് സെറ്റുകളിലെ സ്ത്രീകളെ അവിടെയുള്ള പുരുഷന്മാർ പല തരത്തിലും കളിയാക്കുന്നത് പറഞ്ഞ് രസിക്കുകയായിരുന്നു അലൻസിയർ എന്നും ദിവ്യ പറയുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ‘‘ചേട്ടാ, എന്താ ഇങ്ങനെ പറയുന്നത്, ഇതിൽ അഭിനയിക്കുന്നവരും നിങ്ങളുടെ സുഹൃത്തുക്കൾ ആകില്ലേ, പിന്നെ എന്തിനാണ് അവരെക്കുറിച്ച് ഇങ്ങനെ പറയുന്നത്’’ എന്ന് ചോദിച്ചതായും വിദ്യ. എന്നാൽ ‘‘നീ സിനിമയിൽ അഭിനയിക്കാൻ വന്ന കുട്ടിയല്ലേ, ധൈര്യമായി ഇരിക്ക്, ഇതൊക്കെ തമാശയായി എടുക്കേണ്ടേ, ഒരാളുടെ ശരീരത്തെക്കുറിച്ച് പറയുമ്പോൾ നിനക്കെന്തിനാ ഇത്ര നാണംവരുന്നത്’’ എന്നായിരുന്നത്രേ അലൻസിയറുടെ പ്രതികരണം. അതിന് ശേഷം പലവട്ടം അലൻസിയർ പല പെൺകുട്ടികളോടും ഇത്തരത്തില്‍ സംസാരിച്ചത്രേ.

അനുമതിയില്ലാതെ മുറിയിലേക്ക് കയറി വന്നതിന്, ‘‘നിന്നെയൊന്ന് കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നാടകങ്ങളിലൊക്കെ ഇത്രയും അനുഭവമുള്ള നടിയായിട്ട് നിനക്കൊരു ധൈര്യം പോരാ, നിനക്കൊന്ന് ധൈര്യം വെയ്ക്കേണ്ട കാര്യമുണ്ട്’’ എന്നായിരുന്നത്രേ അലൻസിയർ കാരണം പറഞ്ഞത്. മറ്റൊരവസരത്തിൽ അലൻസിയർ മുറിയിൽ കയറിവന്നത് താൻ അറിഞ്ഞിരുന്നില്ലന്ന് ദിവ്യ. ‘‘അനക്കം തോന്നിയപ്പോള്‍ ഞാൻ ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ അലന്‍സിയർ ചേട്ടനാണ്. ‘നീ ഉറങ്ങുകയാണോ എന്ന് ചോദിച്ചു. അപ്പോൾ തന്നെ പേടിച്ച് ഞാൻ എഴുന്നേറ്റു. ‘കുറച്ച് നേരം കൂടി നീ കിടന്നോ ഇപ്പോൾ പോകണ്ട’ എന്നു പറഞ്ഞ് എന്നെ കട്ടിലിലേയ്ക്ക് കിടത്താൻ നോക്കി. എന്നിട്ട് അയാളും കട്ടിലിനരികിലേയ്ക്ക് കിടന്ന് ചാരുകയാണ്. ഞാൻ അയാളെ തള്ളിമാറ്റി. ‘അലൻസിയർ ചേട്ടൻ ഇവിടെ നിന്നും പോകണം ഭയങ്കരമായ ദേഷ്യം വരുന്നുണ്ട്, എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലെന്നും അയാളോട് പറഞ്ഞു. ‘ഞാൻ ഇത് തമാശയ്ക്ക് ചെയ്തതല്ലേ, നീ സ്ട്രോങ് ആണോന്ന് നോക്കാൻ ടെസ്റ്റിങ് നടത്തിയതാണെന്ന് പറഞ്ഞിട്ട് പുള്ളി പോകുകയാണ്. അപ്പോഴും മദ്യത്തിന്റെ പ്രശ്നം അയാൾക്ക് ഉണ്ടായിരുന്നു. മദ്യപാനം എപ്പോഴും അയാളുടെ പ്രശ്നമാണ്’’.– ദിവ്യ വ്യക്തമാക്കുന്നു.

ഈ സംഭവത്തിന് ശേഷം സംവിധായകനോട് പരാതി പറഞ്ഞു. പെൺകുട്ടികൾ പരാതി പറയുന്നുണ്ടെന്നും അവർ ചിലപ്പോൾ പ്രതികരിച്ചേക്കാമെന്നും സംവിധായകന്‍ പറഞ്ഞപ്പോൾ അലൻസിയർ മദ്യപിച്ച് എത്തി സെറ്റിലാകെ ചീത്ത പറച്ചിലായിരുന്നുവെന്നും ദിവ്യ ആരോപിക്കുന്നു. ‘‘എന്താ അലൻസിയർ ചേട്ടാ ഇങ്ങനെയെന്ന് സംവിധായകൻ ചോദിക്കുമ്പോൾ വെറുതെ തട്ടിക്കയറുമായിരുന്നു. അതിന് ശേഷം ഞാൻ ആ സംഭവം വിട്ടു. വീട്ടിലും അയാളുടെ കാര്യം സൂചിപ്പിച്ചിരുന്നു. പിന്നീട് രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഇയാൾ മറ്റൊരു സെറ്റിൽ ചെന്ന് ഞങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചത് അറിയാൻ കഴിഞ്ഞു. ആഭാസം സെറ്റിൽ പൊളിച്ചെന്നും ഭയങ്കര ചെറുപ്പമായി, പെണ്‍പിള്ളേരെല്ലാം തന്റെ കൂടെയായിരുന്നെന്നും അങ്ങനെയുള്ള വളരെ മോശം വാക്കുകൾ പറയുകയുണ്ടായി.

ഈ സംഭവം എന്നോട് ഒരാൾ പറഞ്ഞു, അത് എന്നെ വേദനിപ്പിച്ചു. അപ്പോൾ തന്നെ അയാളെ ഫോണിൽ വിളിച്ച് ഞാൻ ചീത്ത പറഞ്ഞു. പിന്നീട് പലതവണ അയാൾ എന്നെ വിളിക്കാൻ ശ്രമിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു. അതിന് ശേഷം അയാൾ അന്ന് സെറ്റിൽ എന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയെ വിളിച്ചു. ‘അവളോട് പറയണം ജീവിതത്തിൽ ആദ്യമായി ഒരു സെറ്റിൽ പറ്റിപോയ തെറ്റിനെക്കുറിച്ച് ഞാൻ പറയുകയായിരുന്നു ചെയ്തത്. അല്ലാതെ മോശമായി സംസാരിച്ചില്ലെന്നും അയാള്‍ പറഞ്ഞു. ഇത് എനിക്ക് ആ ചേച്ചി അയച്ചുതന്നു. അത് കേട്ടപ്പോൾ വീണ്ടും ഞാൻ ക്ഷമിച്ചു.

ഇനി ഇതുപോലെ ഉണ്ടായാൽ ഞാൻ പ്രതികരിക്കുന്നത് വേറെ രീതിയിലായിരിക്കുമെന്ന് അയാളോട് പറയണമെന്ന് ചേച്ചിയോട് പറഞ്ഞു. എന്നാൽ പിന്നീട് പല സെറ്റുകളിലും സ്ത്രീകൾക്ക് ഇയാളിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതായി അറിയാൻ കഴിഞ്ഞു. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച് മറ്റൊരു കാര്യത്തിലാണ്. കൊച്ചിയിൽ സിസ്റ്റർമാരുടെ സമരം നടക്കുമ്പോൾ, ഒരു പള്ളീലച്ചന്റെ വേഷം അണിഞ്ഞുള്ള ചിത്രം അയാള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് അയാൾ എഴുതിയ അടിക്കുറിപ്പ് ‘ഐ ആം കമിങ്’. സമൂഹത്തിൽ പ്രശ്നം നടക്കുമ്പോൾ താനെന്തോ വലിയ സംഭവമാണെന്ന് കാണിക്കാൻ ഇതുപോലെ പലകാര്യങ്ങൾ അയാൾ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു വ്യക്തിയുടെ പിന്തുണ ആ സമരത്തിന് അനുവദിക്കാൻ പാടില്ലെന്ന സമ്മർദം എന്റെ മനസ്സിൽ ഉണ്ടായി. അതിന് ശേഷം ജസ്റ്റിസ് ഹേമ കമ്മീഷന്റെ മുന്നിലെത്തി. അന്ന് ഡബ്ലുസിസി ഗ്രൂപ്പിന്റെ മീറ്റിങ് ഉണ്ടായിരുന്നു. അന്ന് മേഡത്തിനോട് വ്യക്തിപരമായി കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു. ഗ്രൂപ്പിൽ പറയാൻ ആഗ്രഹമില്ലെങ്കിൽ മറ്റൊരു ദിവസം പരാതി കേൾക്കാമെന്ന് ഹേമ കമ്മീഷൻ പറഞ്ഞു. അവിടെവച്ച് പറയാന്‍ ഇരിക്കുമ്പോഴാണ് മീ ടു ക്യാംപെയ്ന്‍ വരുന്നത്. ഇങ്ങനെയൊരു വേദിയിൽ തന്നെയാണ് ഇക്കാര്യം തുറന്നുപറയേണ്ടതെന്ന ബോധ്യത്തിലാണ് മീ ടുവിലൂടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്’’.– ദിവ്യ വ്യക്തമാക്കുന്നു.