Wednesday 17 October 2018 12:09 PM IST : By സ്വന്തം ലേഖകൻ

‘ഞാനാണ് ആ നടി’; അലൻസിയർക്കെതിരായ ലൈംഗിക ആരോപണം ശരി വച്ച് ദിവ്യ ഗോപിനാഥ്: വിഡിയോ കാണാം

alan

നടൻ അലൻസിയർ ലേ ലോപ്പസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ദിവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അയാൾ ശശി’ ഉൾപ്പടയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദിവ്യ ‘ആഭാസം’ എന്ന സിനിമയിൽ അലൻസിയറിനൊപ്പം പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. ‘‘എനിക്ക് ചിലത് പറയാനുണ്ട്. ഒരു പെൺകുട്ടി അവൾക്കുണ്ടായ അനുഭവങ്ങൾ ലോകത്തെ അറിയിക്കാൻ ശ്രമിക്കുമ്പോൾ, അത് പേര് പറയാതെ എഴുതി എന്ന് കുറ്റം പറയാൻ ശ്രമിക്കുന്ന ആളുകളുണ്ട്.

അവൾക്ക് എന്ത് പിന്തുണയാണ് വിമർശിക്കുന്നവർ കൊടുക്കുക. അവൾ തരണം ചെയ്ത അനുഭവം ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ. സ്വന്തം ആഗ്രഹപ്രകാരം ജോലി ചെയ്യുന്ന മേഖലയിൽ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പിന്നീടാണ് അവൾക്ക് പറയാൻ തോന്നുന്നതെങ്കിൽ അതിൽ എന്താണ് തെറ്റ്’’. – അവർ ചോദിക്കുന്നു.

‘‘അലൻസിയർ ലേ ലോപ്പസിനെക്കുറിച്ചാണ് ഞാൻ പേര് പറയാതെ എഴുതിയത്. ഇപ്പോൾ എഴുതാൻ കാരണമുണ്ട്. ഈ പറയുന്ന വ്യക്തി മറ്റൊരു സെറ്റിൽ പോയി പെൺകുട്ടികളെയെല്ലാം അയാൾ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നത് കേൾക്കുകയുണ്ടായി. ആഭാസം സിനിമയിലെ പെൺകുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയായിരുന്നു. ഇത് അറിഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ഞാൻ ചീത്ത പറഞ്ഞു.

എന്നോട് അയാൾ കരഞ്ഞ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. അയാളെ അപ്പോൾ ഞാൻ വിശ്വസിച്ചു. പ്രായത്തിന് ബഹുമാനം തോന്നി. പക്ഷേ ഇയാളെക്കുറിച്ച് സംഘടനയിൽ പരാതി പറഞ്ഞാൽ അവർ അത് കേൾക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഞാൻ അമ്മ സംഘടനയിലുമില്ല. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഈ കുറിപ്പ് എഴുതിയത്’’.– ദിവ്യ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് പേര് വെളിപ്പെടുത്താതെ, ലൈംഗിക ആരോപണം ഉന്നയിച്ച് അലൻസിയർക്കെതിരെ ദിവ്യ ഒരു വെബ്സൈറ്റിൽ എഴുതിയത്. ‘‘അതെന്റെ നാലാമത്തേതും അലൻസിയറിനൊപ്പമുള്ള ആദ്യ ചിത്രവുമായിരുന്നു. അലൻസിയറിനൊപ്പമുള്ള എന്റെ അവസാന ചിത്രവും അത് തന്നെയായിരിക്കണമെന്ന് ഞാൻ ഉറപ്പിച്ചു. അലൻസിയറെ കാണുന്നതു വരെ അയാളെക്കുറിച്ചു ആദരവ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ, നേരിട്ട് പരിചയപ്പെട്ടപ്പോൾ തന്റെ ലൈംഗിക വൈകൃതങ്ങളെ മറച്ചു പിടിക്കുന്നതിനുള്ള മുഖംമൂടിയാണ് അയാളുടെ പുരോഗമന ചിന്തകളെന്നു മനസിലായി’’. അവർ കുറിച്ചു.

ഒരിക്കൽ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോൾ അലൻസിയർ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റർ ആർട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായി പിന്നീട്. പിന്നീടൊരിക്കൽ തന്റെ മുറിയിലേക്ക് കടന്നുവന്ന് കടന്നുപിടിക്കാൻ ശ്രമിച്ചു. താൻ ആർത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാൻ വന്നപ്പോഴായിരുന്നു അത്. മുറിക്കകത്ത് താൻ കടന്നതിനു പിന്നാലെ വാതിലിൽ മുട്ട് കേട്ടു. വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയർ നിൽക്കുന്നതാണ് കണ്ടത്. തുടർച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോൾ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോൾ അലൻസിയർ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോൾ കാളിങ് ബെല്ലടിച്ചു. വതിൽ ചാടിത്തുറന്നപ്പോൾ സഹ സംവിധായകനാണ്. അലൻസിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി. ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താൻ ഉറങ്ങാൻ കിടന്നപ്പോൾ കൂടെയുണ്ടായിരുന്നയാൾ കുളിക്കാനായി പുറത്തുള്ള ബാത്ത്റൂമിലേക്ക് പോയി. ഈ സന്ദർഭത്തിൽ അലൻസിയർ അകത്തേക്ക് കയറി. തന്റെ കട്ടിലിലേക്ക് കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു– ഇതായിരുന്നു ദിവ്യയുടെ ആരോപണങ്ങൾ.