Friday 15 March 2019 04:15 PM IST : By സ്വന്തം ലേഖകൻ

ബോളിവുഡ് ഉത്സവമാക്കി ആലിയയുടെ പിറന്നാൾ! ചിത്രങ്ങളും വിഡിയോയും വൈറൽ

aaliya-ne

താര സുന്ദരി ആലിയ ഭട്ടിന്റെ ഇരുപത്തിയാറാം ജന്മദിനം ഉത്സവമാക്കി ബോളിവുഡ്. മുംബൈ ജുഹൂവിലുള്ള ആലിയയുടെ വീട്ടിൽ നടന്ന പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാമുകനായ രൺബീർ കപൂർ, സുഹൃത്ത് കരൺ ജോഹർ എന്നിവർ ചേർന്ന് പ്രിയപ്പെട്ടവളുടെ ജൻമദിനം ആഘോഷമാക്കുകയായിരുന്നു. ആലിയയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു.

ആലിയയുടെ ബാല്യകാല സുഹൃത്തായ മസബ ഗുപ്തയും പിറന്നാളാഘോഷത്തിന് എത്തിയവരിലുണ്ട്.

കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ അണിഞ്ഞിരുന്നത്. രൺബീറിന്റെയും കരൺ ജോഹറിന്റെയും ബാല്യകാലസുഹൃത്തിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ഒന്നിലേറെ കേക്കുകൾ മുറിച്ചാണ് ആലിയ പിറന്നാൾ കൊണ്ടാടിയത്.

പല പ്രമുഖരും സോഷ്യൽ മീഡിയയിൽ ആലിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. രൺബീറും ആലിയയും തമ്മിൽ പ്രണയത്തിലായ ശേഷമുള്ള ആലിയയുടെ ആദ്യ ജന്മദിന ആഘോഷമാണിത്.

സോനം കപൂറിന്റെ വിവാഹ വിരുന്നിന് രൺബീറും ആലിയയും ഒന്നിച്ചെത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. പിന്നാലെ ഇത് സ്ഥിരീകരിച്ച് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് രംഗത്തു വന്നു. എന്നാൽ വിവാഹം എന്നുണ്ടാകുമെന്നതിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. രൺബീറും ആലിയയും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര ഉടൻ പ്രദർശനത്തിനെത്തും.

കരൺ ജോഹറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘കലങ്ക്’ ആണ് ആലിയയുടെ മറ്റൊരു ചിത്രം. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. രൂപ് എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. എസ്.എസ് രാജമൗലി ഒരുക്കുന്ന ‘ആർആർആർ’ ആണ് അണിയറയിലൊരുങ്ങുന്ന ആലിയയുടെ മറ്റൊരു ചിത്രം.