Monday 15 October 2018 10:17 AM IST : By സ്വന്തം ലേഖകൻ

‘25 വര്‍ഷം കൂടെ കഴിഞ്ഞിട്ടും ഇത്രയേറെ കഠിന വേദനയിലൂടെ കടന്നു പോയിട്ടും നിന്നെ ഞാനറിഞ്ഞില്ലല്ലോ’; നിറകണ്ണുകളോടെ ആലിയ ഭട്ട്

aliya-bhatt

25 വർഷം ഒപ്പം ജീവിച്ചിട്ടും സ്നേഹം കൊണ്ട് മൂടിയിട്ടും അവൾ കടന്നു പോയ വേദനിപ്പിക്കുന്ന മാനസികാവസ്ഥ മനസ്സിലാക്കാൻ തനിക്കായില്ലല്ലോയെന്ന് നൊമ്പരം കലർന്ന ശബ്ദത്തിൽ ആലിയ ഭട്ട് പറയുമ്പോൾ അത് സൃഷ്ടിക്കുന്ന നോവിന്റെ ആഴം എത്രയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

കുറച്ചുദിവസം മുമ്പ് ലോക മാനസികാരോഗ്യദിനത്തിലാണ് ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട് തന്റെ ആദ്യ നോവലായ ‘നെവെര്‍ ബീന്‍ അണ്‍(ഹാപ്പിയര്‍)’ പ്രസിദ്ധീകരിച്ചത്. താന്‍ വിഷാദരോഗത്തിന് അടിമായിരുന്നുവെന്നും എത്രത്തോളം പ്രയാസം ഉള്ളിലൊതുക്കിയായിരുന്നു ജീവിച്ചിരുന്നതെന്നും പുസ്തകത്തില്‍ ഷഹീന്‍ പറയുന്നുണ്ട്. അപ്പോൾ മാത്രമാണ് കുടുംബം ഷഹീന്റെ അവസ്ഥ തിരിച്ചറിഞ്ഞത്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും ഇത്രയേറെ കഠിന വേദനയിലൂടെ കടന്നു പോയിട്ടും ഷഹീന്‍ വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് തനിക്കോ വീട്ടുകാര്‍ക്കോ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ ആലിയ, സഹോദരിയോട് മാപ്പ് ചോദിച്ചു.

‘‘ഈ പുസ്തകം വായിച്ചപ്പോളാണ് ഷഹീന്‍ കടന്നുപോയ മാനസിക സംഘര്‍ഷത്തിന്റെ തീവ്രത മനസിലായത്. തങ്ങള്‍ ഷഹീനെ സ്നേഹിച്ചിരുന്നെങ്കിലും അവളെ മനസിലാക്കാന്‍ കഴിഞ്ഞില്ല, മാപ്പ്.’’ ‘ഡിയര്‍ ഷഹീന്‍’ വിഡിയോയിൽ ആലിയ പറഞ്ഞു.

‘‘ഇത്രയും വലിയ വിഷമങ്ങളിലൂടെ കടന്നുപോയിട്ടും വളരെ സത്യസന്ധവും അനായാസകരവുമായി നീ എഴുതിത്തീര്‍ത്ത പുസ്കതം വായിച്ച് നിനക്കൊരു കത്തെഴുതാന്‍ ഞാനിപ്പോള്‍ കഷ്ടപ്പെടുകയാണ്’’. നിറകണ്ണുകളോടെയാണ് ആലിയ വിഡിയോ അവസാനിപ്പിക്കുന്നത്.