'എന്റെ തടി എന്റെ തീരുമാനമാണ്...
'തടി വല്ലാണ്ട്കൂടുന്നുണ്ടല്ലോ അമേയേ..'. എന്ന് പുരികമുയര്‍ത്തി ചോദിച്ചവരോട് ഇങ്ങനെ കോണ്‍ഫിഡന്റായി തന്നെയാണ് കുറച്ചു നാള്‍ മുമ്പ് വരെ അമേയ മറുപടി പറഞ്ഞിരുന്നത്.
'പേരിനു പോലും തടിയില്ലാതിരുന്ന കാലത്ത് ആറ്റുനോറ്റ് കാത്തിരുന്ന് കഷ്ടപ്പെട്ട് വണ്ണം കൂട്ടിയതാണ്. അങ്ങനെ കൂട്ടിയ ശരീരഭാരത്തില്‍ ഞാന്‍ ഹാപ്പിയുമായിരുന്നു. കോണ്‍ഫിഡന്റും. പക്ഷേ അടുത്തിടെയായി തടി പിടിവിട്ടു പോകുന്നുണ്ടോ എന്നൊരു സംശയം. ആ സംശമാണ്, ഞാനായിട്ട് കൂ്ട്ടിയ തടിയെ ഞാനായിട്ട് തന്നെ പിടിച്ചുകെട്ടാമെന്ന് കരുതിയത്.'- കുസൃതിച്ചിരിയോടെ അമേയ പറഞ്ഞു തുടങ്ങുകയാണ്.
കരിക്കിലൂടെ മുഖം കാണിച്ച് പ്രേക്ഷക ഹൃദയം കവര്‍ന്ന അമേയ മാത്യുവിന്റെ ഇന്‍സ്റ്റാഗ്രാം ചിത്രമാണ്് ഏവരേയും അമ്പരപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യട്ട് ആന്‍ഡ് ബബ്ലി ഗേള്‍ തടി കുറച്ച് ക്യൂട്ടായതിനു പിന്നിലുള്ള ചേതോവികാരം എന്തെന്ന ചോദ്യമായിരുന്നു പിന്നാലെ. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അമ്പരപ്പിക്കും വിധം മെലിഞ്ഞു സുന്ദരിയായതിനു പിന്നിലെ രഹസ്യവും ചിലര്‍ക്ക് അറിയണമായിരുന്നു. ബബ്ലി ഗേളില്‍ നിന്നും സ്ലിം ബ്യൂട്ടിയിലേക്കുള്ള ആ മാറ്റം എങ്ങനെയായിരുന്നുവെന്ന് ഇതാദ്യമായി അമേയ പറയുകയാണ്, വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി. തടിയെ പിടിച്ചു കെട്ടിയ അമേയ മാജിക് താരം തന്നെ പറയുന്നു...
തടി കുറച്ചേ തീരൂ
തടിയില്ലാതിരുന്ന ഒരു ഫഌഷ് ബാക്കുണ്ട് എന്റെ ലൈഫില്‍. അന്ന് വീട്ടുകാരും പ്രിയപ്പെട്ടവരും കാര്യമായി ഉപദേശിച്ചിട്ടുണ്ട്. ഇതെന്താ കോലം ഒന്ന് വണ്ണം കൂട്ടിക്കൂടേ... എന്ന് ഉപദേശിച്ചിട്ടുണ്ട്. എന്ത് കഴിച്ചാലും ശരീരത്തില്‍ പിടിക്കില്ല എന്നു പറയില്ലേ...അതായിരുന്നു സീന്‍. തലങ്ങും വിലങ്ങും ഉപദേശം എത്തിയപ്പോള്‍ ഞാനാ 'കടുംകൈ' ചെയ്തു. സ്ലിമ്മായിരുന്ന ഞാന്‍ ഒന്ന് നന്നാകാന്‍ തീരുമാനിച്ചു. 49 കിലോ ഉണ്ടായിരുന്ന ഞാന്‍ 57 കിലോ വരെ കൂട്ടി കരുത്തു തെളിയിച്ചു. ഇനിയാരും വണ്ണം കുറഞ്ഞു എന്ന പേരില്‍ നമ്മളെ കളിയാക്കരുതല്ലോ?- തമാശയോടെയാണ് അമേയ തുടങ്ങിയത്.
49ല്‍ നിന്നും 57ലേക്ക് പറന്നെത്തിയ യാത്ര വലിയ ദുഷ്‌ക്കരമല്ലായിരുന്നു. ജിമ്മും വര്‍ക് ഔട്ടും ഭക്ഷണവും ഒക്കെ തന്നെയായിരുന്നു അന്ന് ശരണം. കൂടിയ തടിയില്‍ ഞാന്‍ കോണ്‍ഫിഡന്റും ആയിരുന്നു. ഞാന്‍ ഓകെ ആണെങ്കില്‍ എന്തിനാ ബാക്കിയുള്ളവരെ കണ്‍വിന്‍സ് ചെയ്യിക്കുന്നത് പക്ഷേ തടി കുറഞ്ഞതിന്റെ പേരില്‍ ഒന്ന് രണ്ട് സിനിമകള്‍ മിസ്സായി.
കരിക്കിലൊക്കെ അഭിനയിച്ച് അത്യാവശ്യം ഫേമസ് ആയ ശേഷം പാല സെയിന്റ് തോമസ് കോളജില്‍ അതിഥിയായി എത്തിയിരുന്നു. അ ഫങ്ഷനില്‍ പങ്കെടുത്തതിന്റെ ഫോട്ടോസ് കണ്ടപ്പോഴാണ് ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഫീല്‍ ചെയ്തത്. ഞാന്‍ വണ്ണം കൂടി വരുന്നു എന്ന ബോധമുണ്ടായത്. ഇപ്പോള്‍ ഖജുരാഹോ ഡ്രീസ് എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനായി കോസ്റ്റിയൂം ട്രൈ ചെയ്യുമ്പോഴും ബുദ്ധിമുട്ട് ഉണ്ടായി. അത്രയും ആയപ്പോഴേക്കും തടിയുടെ കാര്യത്തില്‍ ഉഴപ്പിയാല്‍ പറ്റില്ല എന്ന്് മനസിലായി.
ലോക് ഡൗണ്‍ കഴിയുമ്പോഴേക്കും ശരീരഭാരം 63 നോട്ട് ഔട്ട് എന്ന മട്ടിലായിരുന്നു. ്അന്നേരമെടുത്ത ചിത്രങ്ങളില്‍ വണ്ണം കൂടി വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തന്നെയുണ്ടായിരുന്നു. ഇരട്ടത്താടി, കൈയിലെ ഫാറ്റ് എന്നിവയായിരുന്നു എന്നെ അസ്വസ്ഥയാക്കിയിരുന്നത്. മുഖത്തെ ഫാറ്റും കാര്യമായി കൂടി വരുന്നു. അന്നേരം ഇതെന്താ മുഖം മത്തങ്ങ പോലുണ്ടല്ലോ എന്ന് കമന്റ് പാസാക്കിയവരും ഉണ്ടായിരുന്നു. ഇത്രയുമൊക്കെ ആയപ്പോള്‍ വിഷയം സീരിയസായി തന്നെ എടുക്കാന്‍ തീരുമാനിച്ചു.
ഇതാ പുതിയ അമേയ
തടി കൂട്ടിയ കാലത്തു നിന്നും കുറയ്ക്കുന്നതിലേക്ക് എത്തിയപ്പോള്‍ സംഗതി ഇത്തിരി ദുഷ്‌ക്കരമാണെന്ന് മനസിലായി. ജിമ്മില്‍ പോയെങ്കിലും ഒരു മാസം കൊണ്ട്് ഒരു കിലോ മാത്രമാണ് കുറഞ്ഞത്. ഒടുവില്‍ കര്‍ശനമായ ഡയറ്റും വര്‍ക് ഔട്ടും കൊണ്ട് തടിയെ എതിരിടാന്‍ തീരുമാനിച്ചു. രണ്ട് മാസത്തോളം അരി, പഞ്ചസാര, ചീസ്, ബട്ടര്‍, തൈര് എന്നീ സംഗതികളെ അടുപ്പിച്ചിട്ടേയില്ല. പകരം ഗോതമ്പിനെ കൂട്ടുപിടിച്ചു. ഗോതമ്പ് കൊണ്ട് ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവ മാത്രം മെനുവില്‍ ഇടംപിടിച്ചു. ഒപ്പം കൃത്യനിഷ്ടയോടെയുള്ള വര്‍ക്ഔട്ടും. വയറും നന്നായി ചാടുന്നുണ്ടായിരുന്നു. അതിനു വേണ്ടി 15 തവണയായി നാലു വട്ടം സ്‌ക്വാട്ട്‌സ് എക്‌സര്‍സൈസ് ചെയ്തു. പിന്നെ ലെഗ് റൈസ്, ക്രഞ്ചസ് എന്നിവ ചെയ്തു. മുഖത്തെ വണ്ണം കുറയ്ക്കാനും ഇരട്ടത്താടി കുറയ്ക്കാനും കിസിങ് ദ സ്‌കൈ, ഫിഷ് ഫേസ് എന്നീ എക്‌സര്‍സൈസുകളാണ് അവലംബിച്ചത്. എന്തായാലും ചെയ്ത അധ്വാനങ്ങള്‍ ഒന്നും വെറുതെയായില്ല. കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും 63 കിലോയുണ്ടായിരുന്ന ഞാന്‍ 53 കിലോയിലേക്ക് സേഫ് ആയി ലാന്‍ഡ് ചെയ്തു. ഇപ്പോഴും വിട്ടുവീഴ്ചയില്ലാതെ എന്റെ വര്‍ക്ഔട്ടും ഡയറ്റും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് നിരവധി പേര്‍ അഭിനന്ദിച്ച് എത്തുന്നുണ്ട്. ഇത്രയും ചെറിയ കാലയളവില്‍ ഇങ്ങനെ മാറിയതിന്റെ സീക്രട്ട് എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്തായാലും ഇപ്പോഴുള്ള രൂപത്തില്‍ ഞാന്‍ ഹാപ്പിയാണ്. അമേയ പറഞ്ഞു നിര്‍ത്തി.