Monday 06 December 2021 09:34 AM IST : By സ്വന്തം ലേഖകൻ

എതിരില്ലാതെ വീണ്ടും...മോഹൻലാലും ഇടവേള ബാബുവും‘അമ്മ’യെ നയിക്കും

amma

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും തുടരും. ഇരുവർക്കും എതിരില്ല. പുതിയ ഭരണസമിതിയിലേക്കു 19നു നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഇവർക്കൊപ്പം ട്രഷറർ, ജോ. സെക്രട്ടറി സ്ഥാനങ്ങളിലേക്കു സിദ്ദീഖും ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിദ്ദീഖ് ജോ. സെക്രട്ടറിയുമായിരുന്നു.

2 വൈസ് പ്രസിഡന്റുമാരെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കാൻ മത്സരം നടക്കും. ആശ ശരത്തും ശ്വേത മേനോനും ഔദ്യോഗിക പാനലിന്റെ ഭാഗമായി ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.

പാനലിനു പുറത്തുനിന്നും മുകേഷ്, മണിയൻപിള്ളരാജു, ജഗദീഷ് എന്നിവരും ഉപാധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഹണിറോസ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി, ബാബുരാജ് ,നിവിൻപോളി സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്.

ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. പിൻവലിക്കാനുള്ള അവസാന തീയതി 8.