Friday 19 October 2018 03:20 PM IST : By സ്വന്തം ലേഖകൻ

ദിലീപിന്റെ രാജി ’അമ്മ’ ചോദിച്ചുവാങ്ങിയത്; വെളിപ്പെടുത്തലുമായി മോഹൻലാൽ (വിഡിയോ)

amma-press-meet65

അമ്മ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദിലീപ് രാജി കത്ത് കൈമാറിയതെന്ന് പ്രസി‍ഡന്റ് മോഹൻലാൽ വ്യക്തമാക്കി. ദിലീപിന്റെ രാജി സ്വീകരിച്ചു കഴിഞ്ഞതാണ്. ഈ വിഷയത്തിൽ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാലത് ഉൾക്കൊള്ളാതെയാണ് അവർ അമ്മയിൽ നിന്ന് രാജിവച്ചു പോയത്. ’അമ്മ’യിലെ മറ്റു അംഗങ്ങൾക്കൊപ്പം വാർത്താസമ്മേളനത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.

"നടന്മാരായ സിദ്ദിഖും ജഗദീഷും തമ്മിൽ ഭിന്നതയില്ല. അവർ രണ്ടുപേരും പറഞ്ഞത് അമ്മയുടെ നിലപാടാണ്. അവർ അവരുടെ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു എന്നുമാത്രം. നടിമാർ എന്ന് വിളിച്ച പ്രശ്നം എന്തെന്ന് അറിയില്ല. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി ഉറ്റ സൗഹൃദമാണുള്ളത്. രാജി വച്ചവർക്ക് തിരിച്ചുവരണമെങ്കിൽ അപേക്ഷ നൽകണം. അല്ലാതെ മാപ്പു പറയേണ്ടതില്ല. പക്ഷേ, നടപടിക്രമങ്ങളുണ്ടാകും. കെപിഎസി ലളിതയുടെ പരാമര്‍ശം നാടന്‍ പ്രയോഗമായി കണ്ടാല്‍ മതി."- മോഹൻലാൽ പറഞ്ഞു.

അലന്‍സിയറിനെതിരായ ‘മീ ടു’ആരോപണം പരിശോധിക്കുമെന്നും, മുകേഷിനെതിരെ പരാതി ലഭിച്ചാൽ അതും കൂടി പരിശോധിക്കുമെന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ നാലു കഷണമാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞു, അമ്മയുടെ ചോര കുടിച്ച് വളരാനാണ് ഡബ്ല്യസിസിയുടെ ശ്രമമെന്ന് നടൻ ബാബുരാജും വിശദീകരിച്ചു. സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ അമ്മയില്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കെപിഎസി ലളിത, കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു എന്നിവർക്കാകും നേതൃത്വം. വിഡിയോ കാണാം;