Thursday 13 June 2019 10:13 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ഭ്രാന്താണെന്ന് ആളുകൾ ചിന്തിച്ചേക്കാം’! ഗര്‍ഭകാലം ആഘോഷമാക്കി എമിയുടെ യൂറോപ്യൻ ട്രിപ്പ്

amy-jackson

ഗർഭകാലം ആഘോഷമാക്കി തെന്നിന്ത്യൻ നായിക എമി ജാക്സൺ. താരം ഇപ്പോൾ ഒരു യൂറോപ്യൻ ട്രിപ്പിലാണ്. സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും ലോകത്തെമ്പാടുമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനും വേണ്ടി പണം സ്വരൂപിക്കാൻ തുടങ്ങിയ ‘ക്യാഷ് ആൻഡ് റോക്കറ്റ്’ പരിപാടിയുടെ ഭാഗമായാണ് എമിയുടെ യൂറോപ്പ് യാത്ര. യാത്രയിൽ നിന്നുളള ചില ചിത്രങ്ങൾ എമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

‘ആറുമാസം ഗർഭിണിയായ സമയത്ത് യൂറോപ്പിലൂടെ റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ആളുകൾ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അതിശയകരമായ അനുഭവമാണ്’ ഒരു ചിത്രത്തോടൊപ്പം എമി കുറിച്ചു.

‘ഈ സംരംഭം ഒരു അമ്മയാകാൻ പോകുന്ന എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നു. മറ്റുളള അമ്മമാർക്കും എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം. ഈ യാത്രയിൽ ഞാൻ അതിശയിപ്പിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടി. ചിലരുമായി സൗഹൃദത്തിലായി, ഈ സൗഹൃദം ജീവിതകാലം മുഴുവൻ എനിക്കൊപ്പം ഉണ്ടാകും’.– എമി കുറിച്ചു.

തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, കഴിഞ്ഞ മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ എമി ആരാധകരുമായി പങ്കുവച്ചത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.