Saturday 04 July 2020 10:11 AM IST

പ്രാണൻ പോകുന്ന വേദന, പരിശോധനയിൽ തലച്ചോറിനുള്ളിൽ ചെറിയൊരു മുഴ! അനീഷ് പറയുന്നു, അന്ന് ഞാൻ മരണം മുന്നിൽ കണ്ടു

V.G. Nakul

Sub- Editor

a1

മലയാളി പ്രേക്ഷകരുടെ മോഹനേട്ടനാണ് അനീഷ് രവി. ‘കാര്യം നിസ്സാര’ ത്തിലെ മോഹനകൃഷ്ണൻ സാറിനെ മലയാളി അത്രത്തോളം ഹൃദയത്തോടു ചേർത്തു നിർത്തിയിരിക്കുകയാണ്.

നാടകം, മിമിക്രി, ഷോർട് ഫിലിം , സീരിയൽ, സിനിമ, ആങ്കറിങ്, തിരക്കഥ, സംവിധാനം എന്നു വേണ്ട ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സ്വന്തം ട്രൂപ്പായ തിരുവനന്തപുരം മെഗാസിന്റെ വേദികളിലുമൊക്കെയായി അനീഷ് രവി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങള്‍ പലതായി.

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ നാട്ടിൽ നിന്നു വന്ന്, പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സജീവ സാന്നിധ്യമായി അനീഷ് വളർന്നതിനു പിന്നിൽ കാലങ്ങളുടെ അധ്വാനവും പരിശ്രമവുമുണ്ട്. എന്നാൽ ആ ജീവിതയാത്രയിൽ മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ അനീഷിന്റെ ജീവിതത്തിലുണ്ട്. ഇക്കഴിഞ്ഞ ലോക് ഡൗൺ കാലത്ത് തുടർച്ചയായ 51 ദിവസം ഫെയ്സ്ബുക്ക് ലൈവിലെത്തി പ്രേക്ഷകരുമായി സംവദിക്കാനും പലതരം ആശങ്കകളുമായി ജീവിച്ചവരെ മോട്ടിവേറ്റ് ചെയ്ത് സംസാരിക്കാനും സാധിച്ചത് സ്വന്തം ജീവിതത്തിലെ ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് അദ്ദേഹം പറയും.

‘‘പലതരം പ്രതിസന്ധികള്‍ കടന്നു വന്നതാണ് ഞാൻ. മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ എന്റെ ജീവിതത്തിലുണ്ട്. അതിലൊന്ന് ഏറെക്കാലം ഉണർവിലും ഉറക്കത്തിലും എന്നെ വേട്ടയാടിയ കടുത്ത തലവേദനയിൽ നിന്നുള്ള മോചനമായിരുന്നു’’. ആ കഥ അനീഷ് ‘വനിത ഓൺലൈനോട്’പറയുന്നു.

‘‘2006–2007 കാലത്താണ്. മിന്നുകെട്ടിൽ അഭിനയിക്കുന്ന സമയം. സൂപ്പർഹിറ്റായി സംപ്രേഷണം ചെയ്യുകയാണ് മിന്നുകെട്ട്. അതിൽ എന്റെ വിമൽ. ആർ. മേനോൻ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. അപ്പോഴാണ് വില്ലന്റെ രൂപത്തിൽ തലവേദന എത്തുന്നത്. ഒരു ഘട്ടത്തിൽ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി. അത്രയ്ക്കുണ്ടായിരുന്നു തലവേദന. വേദന കൊണ്ടു ഞാൻ പുളഞ്ഞു. പല ചികിത്സയും നോക്കി. ഗുണം ചെയ്തില്ല. എന്താണു കാരണമെന്നും മനസ്സിലായില്ല. നെറ്റി പൊള്ളും വരെ വിക്സ് വാരിപ്പുരട്ടിയിട്ടും ഗുളികകൾ കഴിച്ചിട്ടും വേദന അസഹ്യമായി തുടർന്നു. കൃഷ്ണമണികള്‍ ചലിപ്പിക്കാനോ ഉച്ചത്തിൽ സംസാരിക്കാനോ എന്തിന് പല്ലു തേച്ചിട്ട് നാക്കു വടിക്കാനോ പോലും പറ്റില്ല. എന്നിട്ടും കടുത്ത വേദന സഹിച്ച് അഭിനയം തുടർന്നു. ശരിക്കൊന്നു കുനിയാനോ നിവരാനോ പോലും സാധിക്കില്ല.

മിന്നുകെട്ടിലെ കഥാപാത്രമാകട്ടെ ഉറക്കെ സംസാരിക്കുന്ന, കോമഡിയൊക്കെയുള്ളതുമാണ്. ഒരു നിമിഷം ജീവിതവും കരിയറും കൈവിട്ടു പോകുന്നതായി എനിക്കു തോന്നി. ചിറയിൻകീഴ്, ശാർക്കര ക്ഷേത്രത്തിൽ പോയി ദേവിയുടെ മുന്നിൽ ഞാൻ നിറകണ്ണുകളോടെ തൊഴുതു പറഞ്ഞത്, ‘എനിക്കു മറ്റൊന്നും വേണ്ട, ആരോഗ്യത്തോടെ നിവർന്നു നിൽക്കാനാകണേ...’ എന്നു മാത്രമാണ്. ഒടുവിൽ എന്റെ പ്രാർത്ഥ ദൈവം കേട്ടു. അങ്ങനെയാണ് ഭാര്യയുടെ ചേച്ചി ഡോക്ടര്‍ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോക്ടര്‍ ഈശ്വറിന്റെ അടുത്തെത്തുന്നത്.

എന്റെ തലച്ചോറില്‍ ഒരു സ്പോട്ട് രൂപപ്പെട്ടിരുന്നു. അതോടം ഭയം കൂടി. സർജറി വേണ്ടി വരുമോ. വന്നാൽ എന്താകും സംഭവിക്കുക എന്നൊക്കെയുള്ള ആശങ്കയിൽ പെട്ടുഴറിയ എന്നെ കൂളായി ജീവിതത്തിലേക്കു തിരികെ വിളിക്കുകയായിരുന്നു ഡോക്ടർ ഈശ്വർ.

അദ്ദേഹം എല്ലാം തമാശയായിട്ടാണ് അവതരിപ്പിക്കുക. നാക്കു വടിക്കുമ്പോൾ വേദനയെടുക്കുമെന്നു പറഞ്ഞാൽ എങ്കിൽ ഇനി കുറച്ചു ദിവസത്തേക്കു വടിക്കണ്ട എന്നാകും ചിരിച്ചുകൊണ്ടുള്ള നിർദേശം. ഇതൊന്നും അത്ര വല്യ സംഭവമല്ല. നമുക്ക് ഈസിയായി മാറ്റാമെന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടർ കൂൾ ആയിരുന്നു. അത് എനിക്കും ആത്മവിശ്വാസം പകർന്നു. ട്രീറ്റ്മെന്റ് തുടങ്ങി. ഡോക്ടറെ കാണുന്നതു പോലും എനിക്കു സന്തോഷവും ആശ്വാസവും നൽകിത്തുടങ്ങി. ഒപ്പം ലൊക്കേഷനിലും എല്ലാവരുടെയും പിന്തുണ കിട്ടി. രണ്ടു വർഷമായിരുന്നു മരുന്നിന്റെ കോഴ്സ്. പതിയെപ്പതിയെ വേദന എന്നെ വിട്ടു പോകാൻ തുടങ്ങി. സ്പോട്ടും ഇല്ലാതെയായി. ഇപ്പോൾ ഞാനതിൽ നിന്നു പൂർണമായി മുക്തനാണ്. അങ്ങനെ എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടത്തിൽ ഈശ്വര തുല്യനായി കയറിവന്ന ആളാണ് ഡോക്ടർ ഈശ്വര്‍’’. – പറഞ്ഞു തീരുമ്പോൾ താണ്ടിയ മനോവേദനയുടെയും പ്രയാസങ്ങളുടെയും ആഴം അനീഷിന്റെ ശബ്ദത്തിൽ നിറഞ്ഞു.

a3

മരണം വഴിമാറിയ നിമിഷങ്ങൾ

മരണം കൺമുന്നിൽ വന്ന് നിറഞ്ഞാടിയ മറ്റൊരു സംഭവം 2003 ലോ 2004 ലോ ആണ്, ‘ഓപ്പോൾ’ എന്ന സീരിയലില്‍ അഭിനയിക്കുമ്പോൾ എനിക്കു സാരമായ പൊള്ളലേറ്റു. കൈയിലും മറ്റുമായി 32 ശതമാനം പൊള്ളലുമായി 27 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഒരു വീടു കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ, ഒരു അസിസ്റ്റന്റ ് പയ്യൻ പെട്രോൾ എടുത്ത് ഒഴിച്ചതാണ്. എന്റെയും അവന്റെയും ദേഹത്തേക്ക് തീ പടർന്നു കയറുകയായിരുന്നു.

മറ്റൊരപകടം കടലിൽ വീണതാണ്. ദുബായിൽ വച്ചാണത്, 2006 ൽ. തീരത്തേക്കു വന്ന ഒരു ബോട്ടിലേക്ക് ചാടിക്കയറാൻ നോക്കിയപ്പോൾ കാല് തെന്നി കടലിൽ വീണു. ഒന്നു രണ്ടു തവണ മരണ വെപ്രാളത്തോടെ മുങ്ങിപ്പൊങ്ങി. മൂന്നാമത്തെ പൊങ്ങലിൽ ഒരാളുടെ കയ്യിൽ പിടി കിട്ടി. ഇല്ലെങ്കിൽ എല്ലാം അന്നു തീർന്നേനെ. മറ്റൊരു സംഭവം ‘കാക്കി നക്ഷത്ര’ത്തിൽ അഭിനയിച്ച് തിരിച്ചു വരും വഴിയാണ്. രാത്രിയാണ്, വണ്ടി ഓടിക്കുന്നതിനിടെ ഞാൻ അറിയാതെ ഉറങ്ങിപ്പോയി. കാറ് പാഞ്ഞ് ചെന്ന് ഒരു ലോറിയിൽ ഇടിച്ചു കയറി. അന്നും ആയുസ്സിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്.

a2

സൗഹൃദക്കൂട്ടായ്മ

ലോക്ഡൗൺ കാലയളവിൽ അനീഷ് രവിയുടെ ഫെയ്സ്ബുക്ക് ലൈവ് പത്തുലക്ഷത്തിൽ അധികം പ്രേക്ഷകർ ആണ് കണ്ടത്. 51 ദിവസം തുടർച്ചയായി കഥകളും പാട്ടുകളും കൈ നിറയെ സമ്മാനങ്ങളും നൽകിയ പ്രിയ താരത്തിന്റെ പേരിൽ ആരാധകർ ഫെയ്സ്ബുക്ക് വാട്സ് ആപ്പ് കൂട്ടായ്മകള്‍ തുടങ്ങി, സന്നദ്ധ സഹായപ്രവർത്തനങ്ങളിൽ സജീവമാണ് ഇപ്പോൾ.

വിവിധ ജില്ലകളിലെ ഈ കൂട്ടായ്മകൾ പഠന ആവശ്യത്തിന് കുട്ടികൾക്കു ടിവികൾ കൈമാറുന്ന ടി.വി ചാലഞ്ച് ഏറ്റെടുത്ത് വിജയകരമായി പ്രാവർത്തികമാക്കിയിരിക്കുന്നു അനീഷ് രവി ഫ്രണ്ട്സ് ആൻഡ് ഫാമിലി അസോസിയേഷൻ, അനീഷ് രവി ഫാമിലി മെമ്പേഴ്സ് എന്നീ ഈ കൂട്ടായ്മകൾ. 50 ടി.വി എന്ന ലക്ഷ്യത്തിലേക്കാണ് കൂട്ടായ്മയുടെ സഞ്ചാരം. അതിന് ഇനി കുറച്ചു ടിവികൾ കൂടി മാത്രം മതി.

Tags:
  • Celebrity Interview
  • Movies