Saturday 02 February 2019 04:11 PM IST : By സ്വന്തം ലേഖകൻ

രോഗവിവരം വെളിപ്പെടുത്തി അനിൽ കപൂർ! വിദഗ്ധ ചികിത്സ തേടി ജർമനിയിലേക്ക്

anil-new

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും ഇന്ത്യൻ യുവതയുടെ ഹരമായിരുന്നു ബോളിവുഡ് താരം അനിൽ കപൂർ. 62 – ാം വയസ്സിലും ബി ടൗണിൽ സജീവമാണെങ്കിലും അത്ര നിസ്സാരമല്ലാത്ത ഒരു രോഗത്തിന്റെ പിടിയിലാണ് അദ്ദേഹമെന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അനിൽ കപൂർ തന്നെയാണ് തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘കാൽസിഫിക്കേഷൻ’ എന്ന രോഗമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വലത് തോളിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

‘‘കുറച്ചു കാലമായി രോഗം അലട്ടുന്നു. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട്’’.– അദ്ദേഹം പറഞ്ഞു. എന്നാൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും മുന്നോട്ട് പോയേ പറ്റൂവെന്നും വ്യക്തമാക്കിയ താരം വിദഗ്ധ ചികിത്സക്കായി ഏപ്രിലിൽ ജർമനിയിലേക്ക് പോകാനിരിക്കുകയാണ്.

ശരീര കലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പലർക്കും പല ഭാഗത്തായിരിക്കും ഇതനുഭവപ്പെടുക. ഈ രോഗം ബാധിച്ചാൽ കലകൾക്കു സമീപമുള്ള താപനില കൂടും. തുടർന്ന് കടുത്ത വേദനയുണ്ടാകും. കാൽസിഫിക് ടെൻഡോനൈറ്റ്സ് എന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

40 വയസ് കഴിഞ്ഞവരിലാണ് രോഗം കൂടുതലായും കണ്ടു വരുന്നത്. ഈ അസുഖം വന്നാൽ ഭാരമുള്ള വസ്തുകൾക്ക് ഉയർത്താൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ വേദന കഠിനമാകും. ചികിത്സ ലഭ്യമാണ്. ഫിസിയോ തെറാപ്പിയിലൂടേയും മരുന്നിലൂടേയും ഭേദമാക്കാം. അവസാന മാർഗമെന്ന നിലയിലാണ് ശസ്ത്രക്രിയ നടത്താറ്. ശസ്ത്രക്രിയക്കുള്ള സാധ്യത വെറും പത്തു ശതമാനമേ വരൂ. തോളുകളിലും പുറത്തിന്റെ മുകൾഭാഗത്തും ഉണ്ടാകുന്ന വേദന അവഗണിക്കരുതെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

നടുവ്, മുട്ടുകൾ, തോളുകൾ എന്നിവയെ ആണ് രോഗം കൂടുതലായും ബാധിക്കുക. ശരീരത്തിന് ആവശ്യമായതിലും കൂടുതൽ കാൽസ്യം ഉടലെടുക്കുന്നതാണ് ഈ അവസ്ഥയിലേക്കു നയിക്കുന്നത്. തുടർന്ന് ഓരോ ചലനവും ബുദ്ധിമുട്ടായി വരും. പതിയെ വേദന കൂടിവരും. കൈകാലുകൾ അനക്കാൻ ബുദ്ധിമുട്ടേറുമ്പോഴാകും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കുക. വിദഗ്ധനായ ഫിസിയോ തെറാപ്പിസ്റ്റിനെ സമീപിക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത്.