Friday 16 August 2019 05:18 PM IST : By സ്വന്തം ലേഖകൻ

അനിയൻ കുഞ്ഞും തന്നാലായത്; ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു

kian

പേരിലും പ്രമേയത്തിലും കൗതുകമൊളിപ്പിച്ച് അനിയൻ കുഞ്ഞും തന്നാലായത്. രാജീവ് നാഥ് ഒരുക്കുന്ന ഫാമിലി എന്റർടെയ്നറിൽ കിയാൻ കിഷോറാണ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ സൂപ്പർസ്റ്റാർ മോഹൻലാൽ നിർവ്വഹിച്ചു. എറണാകുളം ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച്.

k2

കുരുക്ഷേത്ര, കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച താരമാണ് കിയാൻ. പഴയകാല നായിക മാധു 19 വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്ന ചിത്രമെന്ന പ്രത്യേകതയും അനിയൻ കുഞ്ഞും തന്നാലായതിനുണ്ട്.

വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും.രണ്‍ജിപണിക്കര്‍, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജര്‍ കിഷോര്‍, അഭിരാമി, ഗീത, മാതു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം അമേരിക്കന്‍ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.

k1

കാവാലം നാരായണ പണിക്കരും ജോയ് തമലവുമാണ് ചിത്രത്തിനായി ഗാനങ്ങളെഴുതിയിരിക്കുന്നത്. കാവാലം ഏറ്റവും അവസാനമായി രചന നിർവഹിച്ച ചിത്രം കൂടിയാണിത്. എം ജയചന്ദ്രനും റോണി റാഫേലുമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സലില്‍ ശങ്കരനാണ്. അഴകപ്പനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30ന് വള്ളുവനാടൻ ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.

k3