Thursday 21 November 2019 06:34 PM IST

‘എന്തായാലും ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം’! സ്വന്തം ജീവിതം സിനിമയാകുമ്പോൾ അഞ്ജലി പഠനത്തിരക്കിലാണ്

V.G. Nakul

Sub- Editor

anjali-1

ജീവിതത്തിന്റെ പൊള്ളുന്ന കനൽപാതകൾ താണ്ടിയാണ് അവൾ താനെന്താണെന്നും തന്റെ മനസെന്താണെന്നും സമൂഹത്തിനു കാട്ടിക്കൊടുത്തത്. സിനിമയുടെ ടൈറ്റിൽ കാർഡിൽ താരപ്രഭയോടെ ആ പേര് തെളിയും മുമ്പ് അവൾ നേരിട്ട അപമാനങ്ങളും ചോദ്യശരങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. താനെന്താണോ അതായി ജീവിക്കാൻ കൊതിച്ചവളുടെ പതറാത്ത തീരുമാനത്തിന് മുന്നിൽ ഒടുവിൽ പഴകി ദ്രവിച്ച പല ചിന്തകളും തകർന്നു വീണു. അവളെന്താണെന്ന് തിരിച്ചറിഞ്ഞ്, ആ കഴിവുകൾ ബോധ്യപ്പെട്ട്, മുഖം തിരിച്ച് നിന്നവർ തന്നെ ഒടുവിൽ അഭിമാനത്തോടെ പറഞ്ഞു, അഞ്ജലി അമീർ...!

ഇനി ആ ജീവിതയാത്രയുടെ കഥ തെളിയുന്നത് വെള്ളിത്തിരയിൽ...അതേ, നടിയും മോഡലും ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുമായ അഞ്ജലി അമീറിന്റെ ജീവിത കഥപറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്...

തമിഴ് സിനിമയിൽ പുതുചരിത്രമെഴുതി, പുരസ്കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ‘പേരൻപി’ൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു സുപ്രധാന വേഷത്തിൽ തിളങ്ങി, അഭിനയ രംഗത്ത് പുതിയ വഴി കണ്ടെത്തിക്കഴിഞ്ഞ അഞ്ജലിയെ സംബന്ധിച്ച് തന്റെ ബയോപിക് ചിത്രം ഏറെ പ്രാധാന്യമുള്ള ചുവട് വയ്പ്പാണ്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അഞ്ജലി ‘വനിത ഓൺലൈനി’ൽ പങ്കുവയ്ക്കുന്നു...

‘‘എന്റെ ഇപ്പോഴത്തെ ജീവിതമാണോ പാസ്റ്റ് ആണോ സിനിമയിൽ എന്നത് തൽക്കാലം രഹസ്യമായിരിക്കട്ടെ. എന്തായാലും ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം. ഒരിക്കലും ഇതൊരു ഓഫ്ബീറ്റ് സംരംഭമല്ല. തികച്ചും കൊമേഴ്സ്യൽ ആയാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥ പൂർത്തിയായി. ഞാൻ പൂർണമായും തൃപ്തയാണ്’’.– അഞ്ജലി പറയുന്നു.

anjali-2

യഥാർത്ഥ ജീവിതം

കാസ്റ്റിങ് പുരോഗമിക്കുകയാണ്. മലയാളത്തിലെ വലിയ താരങ്ങളുടെ സാന്നിധ്യം ചിത്രത്തിൽ പ്രതീക്ഷിക്കാം. എന്റെ വേഷത്തിൽ ഞാൻ തന്നെയാകും അഭിനയിക്കുക. എന്റെ ജീവിത കഥ എന്നു പറയുമ്പോഴും സിനിമാറ്റിക് അംശങ്ങൾ കൂടി ചേർത്താണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഒരു ട്രാൻസ് ജെൻഡറിന്റെ യഥാർത്ഥ ജീവിതവും സൗഹൃദവും പ്രണയവുമൊക്കെ ചിത്രത്തിൽ കാണും. അത്രയും യാഥാർത്ഥ്യബോധത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ഡെയ്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വി.കെ അജിത് കുമാറിന്റതാണ് തിരക്കഥ. 2020 ഏപ്രിൽ–മേയ് മാസങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും. അനിൽ നമ്പ്യാർ ആണ് നിർമാണം.

ഇപ്പോൾ അഭിനയത്തിനൊപ്പം പഠനത്തിന്റെ തിരക്കിലാണ് അഞ്ജലി. മലബാർ ക്രിസ്ത്യൻ കോളജിൽ ബി.എ മലയാളം വിദ്യാർത്ഥിനിയാണ് താരം. അഭിനയത്തിനൊപ്പം പഠനത്തിലും സജീവമായി മുന്നോട്ടു പോകാനാണ് താരത്തിന്റെ തീരുമാനം...