Monday 11 June 2018 08:07 PM IST : By സ്വന്തം ലേഖകൻ

സ്നേഹ സൗഹൃദങ്ങളുടെ കഥ പറയാൻ ‘കൂടെയെത്തുന്നു’; അഞ്‍ജലി മോനോൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

koode

അഞ്ജലി മേനോൻ ചിത്രത്തിനായി പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. പൃഥ്വിരാജ്, പാർവ്വതി നസ്രിയ നസീം തുടങ്ങിയ യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങൾ ഏറെയുണ്ടായിരുന്നു.

ബാംഗ്ലൂർ ഡേയ്സിനു ശേഷമെത്തുന്ന അ‍ഞ്ജലി മേനോൻ ചിത്രം, വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നസ്രിയ നസീമിന്റെ തിരിച്ചു വരവ് ചിത്രം എന്നിങ്ങനെ പ്രത്യേകതകൾ ഏറെ. പ്രേക്ഷകരുടെ ആകാംക്ഷയേറ്റി ആദ്യമെത്തിയത് പേരിടാത്ത ചിത്രത്തിന്റെ റിലീസ് തീയതി. ചിത്രം ജൂലൈ ആറിനെത്തുമെന്ന് പ്രഖ്യാപിച്ചത് അ‍ഞ്ജലി മേനോൻ തന്നെയായിരുന്നു.

എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ആ ആകാംക്ഷയ്ക്കും വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ. ‘കൂടെ' എന്നാണ്  ചിത്രത്തിന്റെ പേര്. സംവിധായിക അഞ്ജലി മേനോൻ, അഭിനേതാക്കളായ പൃഥ്വിരാജ്, നസ്രിയ എന്നിവര്‍ ഒരേസമയം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പ്രേക്ഷകരുമായി പങ്കുവച്ചത്

പേര് സൂചിപ്പിക്കും പോലെ ഊഷ്മളമായ സൗഹൃദവും സ്നേഹവുമാണ് തന്റെ ചിത്രത്തിന്റെ കഥാതന്തുവെന്ന് അഞ്ജലി മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്.സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നു.

എം. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.