Monday 11 November 2019 09:06 AM IST : By സ്വന്തം ലേഖകൻ

‘എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്’! ആരാധകന്റെ ‘ഷമ്മി സ്റ്റൈൽ’ ചോദ്യത്തിന് അന്നയുടെ മറുപടി ഇങ്ങനെ

anna-new

കുമ്പളങ്ങി നൈറ്റ്സ് മലയാളത്തിനു സമ്മാനിച്ച യുവനായികയാണ് അന്ന ബെൻ. ചിത്രത്തിൽ ബേബി മോൾ എന്ന കഥാപാത്രം അന്നയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി. ഇപ്പോൾ താരം നായികയാകുന്ന ഹെലൻ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത്, വിനീത് ശ്രീനിവാസൻ നിർമിക്കുന്ന ചിത്രത്തിൽ ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രമാണ് അന്നയ്ക്ക്.

പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് അന്ന. ഇപ്പോഴിതാ ഹെലന്റെ വിശേഷങ്ങൾ പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോൾ ഒരു ആരാധകന്റെ രസികൻ കമന്റും അതിന് അന്ന നൽകിയ മറുപടിയുമാണ് വൈറൽ.

വിനീത് ശ്രീനിവാസന്‍, അന്ന ബെന്‍, നോബിള്‍ ബാബു തോമസ്, സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ തുടങ്ങിയവരാണ് ലൈവില്‍ എത്തിയത്. ലൈവില്‍ സംസാരിക്കുന്നതിനിടെ ‘എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആരാധകന്റെ ചോദ്യത്തിന് എനിക്ക് പേടിയൊന്നുമില്ല. എല്ലാവരും സിനിമ കണ്ടാല്‍ മതിയെന്നായിരുന്നു ചിരിച്ചുകൊണ്ടുളള അന്നയുടെ മറുപടി. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് ആരാധകന്‍ കടമെടുത്തത്.

ആനന്ദം എന്ന ഹിറ്റിനു ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മിക്കുന്ന സിനിമ കൂടിയാണ് ഹെലന്‍.