Monday 08 April 2019 02:32 PM IST : By സ്വന്തം ലേഖകൻ

‘‘അയ്യോ, ആളുമാറിപ്പോയേ...തെറിവിളി നിർത്തണേ...’’! കളക്ടർ അനുപമയെന്നു കരുതി അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണം

anupama-anupama

ആളുമാറി തല്ലു കിട്ടിയ അവസ്ഥയിലാണിപ്പോൾ മലയാളത്തിന്റെ യുവനായിക അനുപമ പരമേശ്വരൻ. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ നോട്ടീസ് നല്‍കിയ കളക്ടര്‍ അനുപമയ്ക്ക് എതിരെ സൈബര്‍ ലോകത്ത് തകൃതിയായി ആക്രമണം നടത്തുന്നതിനിടെയാണ് ചിലർ ആളുമാറി അനുപമ പരമേശ്വരനെതിരെയും ട്രോളുകളും പ്രതിഷേധവും വർഷിക്കുന്നത്. ഇതിന്റെ ട്രോളുകൾ തിരികെക്കിട്ടുന്നതിന്റെ ക്ഷീണവും ഇപ്പോൾ സുരേഷ് ഗോപിക്കു വേണ്ടി വാദിക്കുന്നവർക്കുണ്ട്.

കളക്ടർ അനുപമ ഐഎഎസിന്റെയും ചലച്ചിത്ര താരം അനുപമ പരമേശ്വരന്റെയും പേരുകൾ തമ്മിലുള്ള സാമ്യമാണ് ഈ അമളിക്കു കാരണം. കളക്ടറിന്റെ ഫെയ്സ്ബുക്ക് പേജാണെന്ന ധാരണയിൽ നടിയുടെ ഫെയ്സ്ബുക്കിൽ ട്രോളിട്ടും തെറി പറഞ്ഞും ഒരു വിഭാഗം നിറഞ്ഞാടിയതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് കാരണം.

ഇവരുടെ ആളുമാറിയുള്ള പ്രതിഷേധം കണ്ട് തലയിൽ കൈ വച്ചിരിക്കുകയാണ് സൈബർ ലോകം.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് യോഗത്തിൽ ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. മതം പറഞ്ഞു വോട്ട് പിടിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് താരം ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് പെരുമാറ്റച്ചട്ടലംഘനത്തിന് തൃശൂർ കളക്ടര്‍ അനുപമ ഐഎഎസ്, സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി.

ഇതിനു ശേഷമാണ് കളക്ടര്‍ അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ സൈബര്‍ സംഘം തെറിവിളിയുമായെത്തിയത് . എന്നാൽ അതിൽ ഭൂരിഭാഗവും ആളുമാറി നടി അനുപമ പരമേശ്വരനാണ് കിട്ടിയത്.

സംഭവം സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.