Saturday 16 March 2019 03:56 PM IST : By സ്വന്തം ലേഖകൻ

‘ഈ സിനിമയുടെ ഭാഗമാകാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു’! ‘സൂപ്പർ ഡീലക്സ്’ കണ്ട അനുരാഗ് കശ്യപിന്റെ പ്രതികരണം വൈറൽ

super-deluxe-new

ഇതിനോടകം വൻ പ്രതീക്ഷ സൃഷ്ടിക്കുന്ന റിലീസാണ് ത്യാഗരാജന്‍ കുമാരരാജയുടെ ‘സൂപ്പർ ഡീലക്സ്’. ‘ആരണ്യകാണ്ഡ’മെന്ന വേറിട്ട സിനിമയ്ക്കു ശേഷം ത്യാഗരാജൻ ഒരുക്കുന്ന ചിത്രമെന്നതിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

‘ആരണ്യകാണ്ഡ’ത്തിലൂടെ 2011ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ത്യാഗരാജന്‍ കുമാരരാജ എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തന്റെ രണ്ടാം സിനിമയുമായെത്തുന്നത്. ആ ഇടവേള വെറുതെയായില്ല എന്നു തെളിയിക്കുന്നതാണ് ചിത്രം കണ്ട് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകൾ.

അത്ഭുതപ്പെടുത്തുന്ന, ആഘോഷിക്കാന്‍ ഒരുപാടുള്ള ചിത്രമാണ് സൂപ്പർ ഡീലക്സ് എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാതിരുന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും അനുരാഗ് ട്വിറ്ററില്‍ കുറിച്ചു. കുമാരരാജയെ ഭയമില്ലാത്ത, കഴിവുള്ള സംവിധായകനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

മുൻപ്, ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയാകാൻ അനുരാഗ് കശ്യപിനെ സംവിധായകന്‍ സമീപിച്ചിരുന്നത്രേ. പക്ഷേ അത് സാധ്യമായില്ല. അതാണ് അനുരാഗിനെ വിഷമിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മിഷ്കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ ശേഖര്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ കുമാരരാജയെ സഹായിച്ചിരിക്കുന്നത്.

സമന്ത രൂത്ത് പ്രഭു, രമ്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ. ആന്തോളജി രൂപത്തിലാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം വൈറലാണ്. മാര്‍ച്ച് 29ന് ചിത്രം റിലീസിനെത്തും.