Monday 08 April 2019 02:09 PM IST : By സ്വന്തം ലേഖകൻ

അപർണ ഇനി സൂര്യയുടെ നായിക! ‘സൂര്യ 38’ തുടങ്ങി

surya-new

മഹേഷിന്റെ ജിംസിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് അപർണ ബാലമുരളി. മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി, വൻ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് അപർണ്ണ തമിഴിലേക്ക് ചുവടു വച്ചത്. അവിടെയും നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. എട്ടു തോട്ടാക്കളിലെ പത്രപ്രവർത്തകയുടെ കഥാപാത്രം അപർണ്ണയ്ക്ക് തമിഴിൽ നല്ല തുടക്കമായിരുന്നു. അടുത്തിടെ തിയേറ്ററുകളിലെത്തിയ സർവം താളമയമാണ് അപർണയുടെ മറ്റൊരു തമിഴ് ചിത്രം.

ഇനി താരം കോളിവുഡിലെത്തുന്നത് സാക്ഷാല്‍ സൂര്യയുടെ നായികയായാണ്. ഇരുദ്ദി സുട്രു എന്ന വൻ വിജയത്തിനു ശേഷം സുധ കൊങ്ങര സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അപർണ്ണ സൂര്യയുടെ നായികയാകുക. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിങ് ആരംഭിച്ചു.

സൂര്യ 38 എന്ന് താൽക്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സെൽവരാഘവന്റെ എൻ.ജി.കെയും കെ.വി ആനന്ദിന്റെ കാപ്പാനുമാണ് സൂര്യയുടെ പുതിയ ചിത്രങ്ങള്‍. കാപ്പാനിൽ മോഹൻലാലും സൂര്യയോടൊപ്പമുണ്ട്. സായ് പല്ലവിയാണ് എൻ.ജി.കെയിലെ നായിക.