Thursday 26 September 2019 02:57 PM IST

‘ആ ജോലി പോയാലും കുഴപ്പമില്ല, തിരിച്ചു പോകേണ്ടി വരരുതേ എന്നാണ് പ്രാർഥന’! ‘മനോഹരം’ നായിക പറയുന്നു...

V.G. Nakul

Sub- Editor

aparna-new

നെൻമാറക്കാരിയാണ് ശ്രീജ. പാലക്കാടിന്റെ നൻമയുള്ള തനിനാടൻ സുന്ദരി. അവളൊരു പ്രകാശ സാന്നിധ്യമായി കടന്നു വരുന്നതോടെ മനുവിന്റെ ജീവിതം കൂടുതൽ ‘മനോഹരം’ ആകുന്നു. ആ മനോഹാരിത നേരിട്ടനുഭവിക്കുവാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘മനോഹരം’ തിയറ്ററുകളിലെത്തുമ്പോൾ, ചിത്രത്തിലെ ശ്രീജയായി അപർണാ ദാസ് എന്ന മറ്റൊരു നായിക കൂടി മലയാള സിനിമയുടെ ഭാഗമാകും.

‘‘ശ്രീജയെപ്പോലെ ഞാനും നെൻമാറക്കാരിയാണ്. എന്റെ അമ്മയുടെ നാടാണ് നെൻമാറ. എട്ടാം ക്ലാസ് വരെ ഞാൻ പഠിച്ചതും നെൻമാറയിലാണ്’’.– ‘മനോഹര’ത്തെക്കുറിച്ചും തന്റെ സിനിമാ–വ്യക്തി ജീവിതത്തെക്കുറിച്ചും അപർണ ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയത് ഈ യാദൃശ്ചികതയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്.

‘‘എന്റെ കുടുംബം മസ്ക്കറ്റിലാണ്. അച്ഛന്‍ ദാസിന് അവിടെ ബിസിനസ്സാണ്. അമ്മ പ്രസീത അവിടെ സ്വകാര്യ കമ്പനിയുടെ മാർക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്നു. എട്ടാം ക്ലാസ് കഴിഞ്ഞ് ഞാൻ പഠിച്ചതൊക്കെ മസ്ക്കറ്റിലാണ്. അനിയന്‍ അഭിഷേകും അവിടെത്തന്നെയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഞാൻ എം.ബി.എ കഴിഞ്ഞ് അമ്മ വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിക്കു കയറി. അച്ഛന്റെ നാട് തൃശൂർ ആണെങ്കിലും നാട്ടിൽ ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത് നെൻമാറയിലാണ്’’.

a4

തുടക്കം പ്രകാശനിൽ

‘ഞാന്‍ പ്രകാശൻ’ ആണ് എന്റെ ആദ്യ സിനിമ. ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ ഫഹദിനൊപ്പം ഉള്ള കുറച്ചു രംഗങ്ങളിലായിരുന്നു എന്റെ കഥാപാത്രം ഉണ്ടായിരുന്നത്. വാർഷിക ലീവിന് ഒരു മാസം നാട്ടിൽ വന്നപ്പോഴായിരുന്നു ഷൂട്ടിങ്. ആകെ നാലു ദിവസമേ എനിക്ക് ഷൂട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ, സത്യൻ അന്തിക്കാട് സാറിന്റെ നിർദേശത്തെ തുടർന്ന് കുറച്ച് ദിവസം മുമ്പേ ലൊക്കേഷനിൽ പോയി. അത് ഫുൾ ടീമുമായി കൂടുതൽ ഇടപഴകാനും കംഫർട്ടബ്ൾ ആകാനും ഉപകരിച്ചു.

a1

ഞാന്‍ മോഡേണ്‍ മാത്രമല്ല

‘ഞാന്‍ പ്രകാശൻ’ കണ്ടാണ് ‘മനോഹര’ത്തിലേക്ക് വിളിച്ചത്. ആദ്യം മറ്റൊരു റോളിലേക്കാണ് പരിഗണിച്ചതെങ്കിലും പിന്നീട് ഒരു ഓഡിഷൻ നടത്തി നായികയായി ഫിക്സ് ചെയ്യുകയായിരുന്നു. അത് വലിയ സർപ്രൈസായി. പലരും ചോദിക്കും ‘അപർണ മോഡേണല്ലേ, നാടന്‍ കഥാപാത്രമായ ശ്രീജയാകാൻ ബുദ്ധിമുട്ടിയോ ’ എന്ന്. പക്ഷേ, ഞാൻ തീർത്തും മോഡേണല്ല. എപ്പോഴും ഒരു നാടൻ പെൺകുട്ടി കൂടിയാണ്. മുമ്പേ പറഞ്ഞല്ലോ, എട്ടാം ക്ലാസ് വരെ ഞാൻ നാട്ടിലാണ് പഠിച്ചത്. എല്ലാ വെക്കേഷനും നാട്ടിൽ വരാറുമുണ്ട്. അതുകൊണ്ടു തന്നെ ശ്രീജ എന്നെ സംബന്ധിച്ച് അപരിചിതയായിരുന്നില്ല. മറ്റൊന്ന്, ഞങ്ങൾ രണ്ടാളും നെൻമാറക്കാരാണെന്നതാണ്. ക്യാരക്ടറിനെക്കുറിച്ച് സംവിധായകൻ അൻവർ സാർ കൃത്യമായി പറഞ്ഞു തന്നതും വളരെ സഹായകമായി. പക്ഷേ, സ്വഭാവത്തിൽ ഞാനും ശ്രീജയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ് കേട്ടോ....

a3

ചെറുപ്പം മുതൽ ആങ്കറിങ് വലിയ സ്വപ്നമായിരുന്നു. പോകെപ്പോകെ സിനിമയും മനസ്സിലേക്ക് കയറി വരുകയായിരുന്നു. പക്ഷേ, മോഡലിങ്ങ് എന്നെ കൊതിപ്പിച്ചിച്ചില്ല. വീട്ടുകാരും എന്റെ ആഗ്രഹങ്ങൾക്ക് എക്കാലവും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ‘ജീവാശംമായി താനേ...’ എന്ന പാട്ടിന് ഞാന്‍ ചെയ്ത കവർ വിഡിയോ യൂട്യൂബിൽ 3 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു.

പണി പോകുമോ ആവോ

മനോഹരത്തിൽ അഭിനയിക്കാൻ 1 മാസം ലീവ് എടുത്താണ് വന്നത്. ഇപ്പോൾ 3 മാസമായി. തിരികെ ചെല്ലുമ്പോൾ ജോലിയുണ്ടാകുമോ എന്നാണ് സംശയം. ഇപ്പോൾ പക്ഷേ, തിരികെ പോകേണ്ടി വരല്ലേ എന്നാണ് പ്രാർത്ഥന. കൂടുതൽ സിനിമകളൊക്കെ കിട്ടി ഇവിെടത്തന്നെ കൂടാനായാൽ സന്തോഷം.

a2

മനോഹരം മനോഹരമാകും

ഫഹദ് എന്റെ പ്രിയപ്പെട്ട നടനാണ്. ‘ഞാൻ പ്രകാശനി’ൽ അദ്ദേഹത്തിനൊപ്പം കുറച്ചു സീനിലേ ഉണ്ടായിരുന്നുള്ളൂ. ഇനി ഒരു അവസരം കിട്ടിയാൽ കൂടുതൽ വലിയ റോൾ അദ്ദേഹത്തിനൊപ്പം ചെയ്യണം എന്നുണ്ട്. വിനീതേട്ടന്‍ വളരെ ഫ്രണ്ട്‌ലിയാണ്. മനോഹരത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞങ്ങൾ 2 മാസം ഒന്നിച്ചുണ്ടായിരുന്നു. പാവമാണ്. വെരി സ്വീറ്റ്. നന്നായി ചെയ്തു എന്ന് അദ്ദേഹം അഭിനന്ദിച്ചപ്പോൾ വലിയ സന്തോഷമായി. ‘മനോഹരം’ ഒരു നല്ല സിനിമയാണ്. പ്രേക്ഷകർ സ്വീകരിക്കും എന്നതില്‍ സംശയമില്ല...