Saturday 09 January 2021 11:32 AM IST : By സ്വന്തം ലേഖകൻ

പതിനാലുകാരന്‍ മാറില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചത് മാന്യമെന്ന് കാണുന്നവര്‍ കേള്‍ക്കാന്‍: ഡോക്ടറുടെ കുറിപ്പ്

veena-aparna

പതിനാലു വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നേറ്റ മോശം അനുഭവം ഗ്രാഫിക് ഡിസൈനറായ അപര്‍ണ കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. മഴയത്ത് ലിഫ്റ്റ് നല്‍കിയ വിദ്യാര്‍ത്ഥിയുടെ നാവില്‍ നിന്നും കേട്ട അശ്ലീല പരാമര്‍ശത്തിന്റെ ഞെട്ടലായിരുന്നു അപര്‍ണ വിഡിയോയിലൂടെ പങ്കുവച്ചത്. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. മാറില്‍ പിടിച്ചോട്ടെ എന്ന് അനുവാദം ചോദിച്ചതിനെ പാശ്ചാത്യസംസ്‌കാരത്തോട് ഉപമിച്ചാണ് പലരും വിഷയത്തെ ലഘൂകരിച്ചത്. അത്തരം ചിന്താഗതികളോട് ഗൗരവകരമായി പ്രതികരിക്കുകയാണ് ഡോ. വീണ ജെ.എസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടറുടെ കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

പതിനാലുകാരൻ ഒരു പെൺകുട്ടിയോട്/സ്ത്രീയോട് "ചേച്ചീ മാറില്‍ പിടിച്ചോട്ടെ" എന്ന് ചോദിക്കുന്നത് consent ആണെന്ന് വിചാരിക്കുന്നവന്മാരോടാണ്.

ഒരു വീട്ടിലെ അമ്മ വളരെ കാര്യമായി വീട്ടിൽ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക. അതിനിടയ്ക്ക് അവരുടെ ഭർത്താവ് ആ വഴിക്ക് വന്നു "ഇളകി ഇരിക്കുന്ന മുൻ ഗേറ്റ് നന്നാക്കാൻ ഒന്നു സഹായിക്കാമോ" എന്ന് ചോദിക്കുന്നു. അമ്മ സഹായിക്കാൻ തുടങ്ങുമ്പോൾ പൊടുന്നനെ അയാൾ അമ്മയോട് "ഞാനൊന്ന് നിന്റെ മാറില്‍ പിടിച്ചോട്ടെ" എന്ന് "സമ്മതം" ചോദിക്കുന്നു.

ഇനി ഈ സ്ഥാനത്തു നമ്മുടെ സ്വന്തം അമ്മയെയും അച്ഛനെയും ഒന്ന് സങ്കല്പിക്കുക. നമ്മുടെ സ്വന്തം തന്തയ്ക്കിട്ട് ഒരെണ്ണം പൊട്ടിച്ചാലോ എന്ന് തോന്നും വിധമുള്ള ഒരു വല്ലായ്മ അനുഭവപ്പെടുന്നുണ്ടോ?? ആ അനുഭവത്തിനെയാണ് "നമ്മൾ exposed ആകാത്ത അനുഭവത്തോടുള്ള പ്രത്യേകതരം റെസ്പോൺസ്/ഭയം/ചടപ്പ്" എന്നൊക്കെ പറയുന്നത്. വീടിനു വെളിയിൽ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അമ്മയോട് സ്വന്തം അപ്പൻ ചോദിച്ചാൽ നിങ്ങൾക്ക് അരോചകം ആകും.

പക്ഷേ അമ്മയ്ക്ക് ആ അരോചകം ആകുമോ? ചാൻസ് കുറവാണ്. കാരണം വർഷങ്ങളായി ഈ ചോദ്യത്തെക്കാൾ ഭീകരമായ അതിക്രമങ്ങൾക്ക് വിധേയയായ ആളെ സംബന്ധിച്ച് ഈ ഒരു ചോദ്യം പോലും ആശ്വാസം പകർന്നേക്കാം. പക്ഷേ വല്ലായ്മ ഉണ്ടാകും കേട്ടോ. ഇനി അച്ഛന് പകരം അപ്പറത്തെ വീട്ടിലെ ചേട്ടൻ ആണ് അമ്മയോട് ഇതേ കാര്യം ചോദിക്കുന്നത് എന്ന് വിചാരിക്കുക. നേരത്തെ സ്വന്തം തന്തയ്ക്കിട്ട് പൊട്ടിക്കാൻ തോന്നിയെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? നൈസ് അല്ലേ.

ഇനി ഈ അപ്പറത്തെ വീട്ടിലെ ചേട്ടൻ നേരെ വാ നേരെ പോ എന്ന് വിചാരിച്ചു വന്നതല്ലേ എന്ന് വിചാരിക്കുന്ന നിങ്ങൾ ആ അമ്മയും അങ്ങനെ വിചാരിക്കട്ടെ എന്ന് കരുതുമോ? ഒരു കാര്യം പറയുമ്പോൾ വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങളെയും വിളിക്കുന്നതല്ല കേട്ടോ. ചിലർക്ക് കാര്യങ്ങൾ മനസിലാകണമെങ്കിൽ സ്വന്തത്തിൽ വെച്ച് തന്നെ example കൊടുക്കണം. അതുകൊണ്ട് മാത്രം.

ഇനി അയലത്തെ ചേട്ടന്റെ പതിനാല് വയസ്സുള്ള മകൻ അമ്മയോട് ഇതേ ചോദ്യം ചോദിച്ചെന്നു കരുതുക. ആ കുട്ടിയുടെ പ്രായം പോലും നോക്കാതെ പൊതിരെ തല്ലാൻ നിങ്ങൾ ഇറങ്ങുമോ ഇല്ലയോ? ഇത്രയേ ഉള്ളൂ ഇതിലെ ഒരു ത്രില്ല്. കുട്ടികൾ വേർബൽ ആയ എന്തൊക്കെ തെറ്റുകൾ ചെയ്താലും അത് ഡീൽ ചെയ്യാൻ നിയമത്തിനു പോലും പരിധി ഉണ്ട്.

ഇനി നേരെ വാ നേരെ പോ എന്ന മട്ടിലാണല്ലോ കുട്ടി ചോദിച്ചത്, എന്നാപ്പിന്നെ കുട്ടിക്ക് കുട്ടി ലൈംഗികമായി ഉദ്ദേശിച്ചത് കൊടുത്തേക്കാം എന്ന #നിങ്ങളുടെ മേല്പറഞ്ഞ ലോജിക് പ്രകാരം ഒരു സ്ത്രീയോ മാറ്റാരെങ്കിലുമൊ അതിന് തയ്യാറായി എന്നിരിക്കട്ടെ. അത് 2012 പോക്സോ നിയമത്തിന്റെ പരിധിയിൽ വരും. കുട്ടികളെ അവരുടെ സമ്മതത്തോടെ പോലും ലൈംഗികമായോ മറ്റുരീതികളിലോ ചൂഷണം ചെയ്യരുതെന്നത് മുതിർന്ന (അതായത് പതിനെട്ടു വയസ്സ് പൂർത്തിയായ) ആളുകൾക്ക് നിയമം വെച്ചിരിക്കുന്ന കർശനമായ നിയന്ത്രണമാണ്. കഠിനമായ ശിക്ഷയുണ്ട് അതിന്. സോ മോൻ പോയി സംസ്കാരവും നിയമവും ഒക്കെ പഠിച്ചിട്ട് വാ ടാ. അവന്റെ കോപ്പിലെ സമ്മതം.