Friday 13 May 2022 09:27 AM IST : By സ്വന്തം ലേഖകൻ

ഒറ്റയ്ക്ക് നാല് കഥാപാത്രങ്ങള്‍...അതോടെ അപ്പുണ്ണി ശശി ബി.ആർ. കുട്ടപ്പൻ ആയി: കുറിപ്പ്

appunni-sasi

മമ്മൂട്ടിയെ നായകനാക്കി രത്തീന സംവിധാനം ചെയ്ത ‘പുഴു’ ഒ.ടി.ടി റിലീസായെത്തി മികച്ച അഭിപ്രായം സ്വന്തമാക്കുമ്പോൾ, പ്രകടനത്തിലൂടെ കയ്യടി നേടുന്നതിലൊരാൾ നടൻ അപ്പുണി ശശി ആണ് (ശശികുമാർ എരഞ്ഞിക്കൽ). നാടകരംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ അപ്പുണി ശശി ബി.ആർ. കുട്ടപ്പൻ എന്ന നാടകക്കാരനായി മികച്ച പ്രകടനമാണ് പുഴുവിൽ കാഴ്ച വയ്ക്കുന്നത്.

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പുണിയുടെ സിനിമാ അരങ്ങേറ്റം. എൺപതോളം സിനിമകളിൽ വേഷമിട്ടു.

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനായ അപ്പുണി കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശിയാണ്. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ തുടങ്ങിയ നാടകങ്ങളെല്ലാം ഏറെ നിരൂപക പ്രശംസ നേടി. ചക്കരപ്പന്തൽ എന്ന നാടകത്തിൽ ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപ്പുണിയെ കണ്ടാണ് തിരക്കഥാകൃത്ത് ഹർഷാദ് പുഴുവിലെ ബിആർ കുട്ടപ്പൻ എന്ന കഥാപാത്രം അപ്പുണിയ്ക്ക് സമ്മാനിച്ചത്.

ഹർഷാദിന്റെ കുറിപ്പ് –

അപ്പുണ്ണി ശശി എന്ന എരഞ്ഞിക്കല്‍ ശശി. അറിയപ്പെടുന്ന നാടകനടന്‍. ജയപ്രകാശ് കുളൂര്‍, എ ശാന്തകുമാര്‍ അടക്കമുള്ള പ്രതിഭകളുടെ നാടകങ്ങളിലൂടെ നാടകലോകത്തേക്ക് വന്നു. കുളൂര്‍ മാഷിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായി നാലായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയ കലാകാരന്‍. കുളൂര്‍ മാഷിന്റെ തന്നെ ശിക്ഷണത്തില്‍ തിരഞ്ഞെടുപ്പ് എന്ന ഒരു ഒറ്റയാള്‍ നാടകത്തില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി കാണികളെ അമ്പരിപ്പിച്ച നടന്‍. സംവിധായകന്‍ രഞ്ജിത്തിൻറെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായി സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യം. തുടര്‍ന്ന് ചെറുതും വലുതുമായ 86 സിനിമാ കഥാപാത്രങ്ങള്‍. രഞ്ജിത്തിന്റെ തന്നെ ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് കേരളാ സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ശാന്താദേവി പുരസ്‌കാരം എന്നിവ ലഭിച്ചു. പണ്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് അപ്പുണ്ണികളുടെ റേഡിയോ കണ്ട അന്ന് ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തെ. ശിവദാസ് പൊയിൽകാവിന്റെ സംവിധാനത്തിൽ ഇദ്ദേഹം ചെയ്ത ചക്കരപ്പന്തൽ എന്നൊരു ഒറ്റയാൾ നാടകമുണ്ട്. ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ നാടകം കാണാന്‍ ഇടയായതോടെയാണ് അപ്പുണ്ണി ശശി പുഴുവിലെ ബി.ആർ. കുട്ടപ്പൻ എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത്.