Wednesday 19 September 2018 10:49 AM IST : By സ്വന്തം ലേഖകൻ

അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിനൊപ്പം നാഗാർജുനയും സുനിൽ ഷെട്ടിയും ?

ku

താരസമ്പന്നതയുമായി ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോളിവുഡ് സൂപ്പർതാരം നാഗാർജുന,ബോളിവുഡ് താരം സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ തുടങ്ങി വൻ താരനിരയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വാർത്തകൾ. ഒപ്പം മധു, പരേഷ് റാവല്‍ തുടങ്ങി വൻ താരങ്ങളും അണിനിരക്കും.

ചിത്രം നവംബര്‍ ഒന്നിന്ന് ചിത്രീകരണം ആരംഭിക്കാുനുള്ള ശ്രമങ്ങളിലാണ്. 75 കോടി രൂപയാണ് ചിത്രത്തിന്റെ ചിലവ്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം താനുണ്ടാവുമെന്ന് സുനില്‍ ഷെട്ടി പ്രഖ്യാപിച്ചിരിരുന്നു. ചിത്രത്തിന്റെ കലാ സംവിധാനം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മൂന്ന് മാസത്തോളം നീളുന്ന ഷെഡ്യൂളാണ് ചിത്രത്തിനായി തീരുമാനിച്ചിരിക്കുന്നത്. പകുതിയും കടലില്‍ ചിത്രീകരിക്കുന്നതിനാലും ദൈര്‍ഘ്യമേറിയ ചിത്രീകരണാനന്തര ജോലികൾ ആവശ്യമായതിനാലും റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കില്ലന്നും ഈ സിനിമ തന്റെയും ലാലിന്റെയും സ്വപ്നമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

മലയാളത്തില്‍ കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.

ചരിത്രത്തില്‍ നാല് മരയ്ക്കാര്‍മാരാണ് ഉള്ളത്. ഒന്നാമനായി മധുവും നാലാമനായി മോഹന്‍ലാലും എത്തുമ്പോള്‍, രണ്ടാമനും മൂന്നാമനുമായുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. നാലാം മരയ്ക്കാരുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. തിരക്കഥ പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തിരു ആയിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മരയ്ക്കാറുടെ ബാല്യമാണ് പ്രണവ് അവതരിപ്പിക്കുക.