Tuesday 19 June 2018 02:57 PM IST : By സ്വന്തം ലേഖകൻ

‘അനുഷ്ക ശകാരിച്ച അർഹാന് അങ്ങ് ബോളിവുഡിലുമുണ്ട് പിടി’; സോഷ്യൽ‌ മീഡിയയിൽ പുതിയ ട്വിസ്റ്റ്

arha

അലക്ഷ്യമായി റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അനുഷ്ക ശർമ്മ ശകാരിച്ച സംഭവം സോഷ്യൽ മീഡിയയിൽ ചില്ലറ ഒച്ചപ്പാടുകളല്ല ഉണ്ടാക്കിയത്. മുംബൈ സ്വദേശിയായ അർഹാൻ സിംഗായിരുന്നു ‘സംഭവ കഥയിലെ വില്ലൻ’. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കോഹ്‍ലിയായിരുന്നു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

സംഭവം കേട്ടപാതി കേൾക്കാത്ത പാതി അനുഷ്കയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. എന്നാൽ അനുഷ്കയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ യാഥാർത്ഥ്യം വെളിപ്പെടുത്തി അർഹാൻ എത്തിയപ്പോൾ സംഭവം പുതിയ ട്വിസ്റ്റിലേക്ക് നീങ്ങി.

തനിക്കു പറ്റിയ തെറ്റിൽ ക്ഷമ ചോദിച്ചിട്ടും കോഹ്‍ലിയും അനുഷ്‌കയും വിഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചിരുന്നു. കോഹ്‍ലിയുടെ വൃത്തികെട്ട മനസിനേക്കാൾ എത്രയോ ചെറിയ മാലിന്യമാണ് തന്റെ കാറിൽ നിന്നും പുറത്തു വന്നതെന്നായിരുന്നു അർഹാന്റെ വാക്കുകൾ. ഇതോടെ ഒരു വിഭാഗം അനുഷ്ക്കയ്ക്കും കോഹ്‍ലിക്കുമെതിരെ തിരിയുകയും ചെയ്തു.

എന്നാൽ നേരത്തെയുണ്ടായ സംഭവങ്ങളേക്കാൾ വലിയ ട്വിസ്റ്റാണ് ബി ടൗണിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത്. മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണത്രേ അര്‍ഹാന്‍. അവിടം കൊണ്ടും തീർന്നില്ല. അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡ് സിനിമയുമായി ബന്ധമുണ്ട് അര്‍ഹാന്.

1996 ല്‍ പുറത്തിറങ്ങിയ 'ഇംഗ്ലീഷ് ബാബു ദേശി മേം' എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അര്‍ഹാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ഹാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ചത്. 90 കളിലെ പ്രശസ്തമായ ടി.വി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പം അര്‍ഹാന്‍ വേഷമിട്ടു.

എന്തായാലും അർഹാനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുതിയ വഴിത്തിരിവിലേക്കാണ് സംഭവത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.