Thursday 07 July 2022 09:51 AM IST : By സ്വന്തം ലേഖകൻ

‘അറിയിപ്പ്’ ലൊകാർണോ ചലച്ചിത്രമേളയില്‍: പ്രധാന മത്സര വിഭാഗത്തിലെ ആദ്യ മലയാള ചിത്രം

ariyippu

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊകാർണോ ചലച്ചിത്രമേളയിലേക്ക്.

75 ആം ലൊകാർണോ ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മേളയുടെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. 17 വർഷത്തിനു ശേഷം പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും അറിയിപ്പിന് സ്വന്തം. മേള ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും.

നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണൻ ആണ് സിനിമയുടെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ലവ്‌ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയവരാണ് താരനിരയിൽ.

‘ഇത് എനിക്കും ഒരു വ്യക്തിപരമായ ബഹുമതിയാണ്, വർഷങ്ങളോളം മികച്ച മലയാളം സിനിമകൾ നിർമിച്ച പാരമ്പര്യമുള്ള എന്റെ മുത്തച്ഛനും അച്ഛനുമുള്ള സമർപ്പണം കൂടിയാണ് ഈ ബഹുമതി. ഇത്രയും മനോഹരമായ ഒരു ചിത്രത്തിന്റെ ഭാഗമായതിന് എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനും സഹനിർമാതാവും സംവിധായകനുമായ മഹേഷ് നാരായണൻ, സഹനിർമ്മാതാവ് ഷെബിൻ ബക്കർ എന്നിവരോടും ‘അറിയിപ്പ്’ സിനിമയുടെ മുഴുവൻ ടീമിനോടും ഞാൻ നന്ദിയുള്ളവനാണ്. ഇതൊരു അവിസ്മരണീയമായ യാത്രയായിരുന്നു’.– കുഞ്ചാക്കോ ബോബൻ കുറിച്ചു.

തന്റെ മുത്തച്ഛനും പിതാവും ചേർന്ന് സ്ഥാപിച്ച ഉദയ പിക്ചേഴ്സ് എന്ന കുടുംബ ചലച്ചിത്ര നിർമാണക്കമ്പനി 75 വർഷം പൂർത്തിയാക്കുന്ന വേളയിൽത്തന്നെ ഈ ചിത്രത്തിന് ഇത്തരത്തിലൊരു ബഹുമതി കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ.

2011 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽക്കൂത്ത്’ ആയിരുന്നു ലൊകാർണോയിൽ അവസാനമായി പ്രദർശിപ്പിച്ച മലയാളം സിനിമ.