Monday 11 June 2018 12:14 PM IST : By സ്വന്തം ലേഖകൻ

ജാൻവിയോട് മാപ്പ് പറഞ്ഞ് അർജുൻ; ഞാന്‍ നിനക്കൊപ്പം തന്നെയെന്ന് ട്വീറ്റ്

arjun

‘നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്.’

സഹോദരി ജാൻവിക്കു വേണ്ടി അർജുൻ കപൂർ ട്വിറ്ററിൽ കുറിച്ച വരികളാണിവ. ജാന്‍വി കപൂര്‍ അഭിനയിക്കുന്ന ആദ്യ ചിത്രം ധടക്കിന്റെ ട്രെയിലര്‍ ഇന്നു പുറത്തിറങ്ങുന്നതിനു മുന്നോടിയായാണ് സഹോദരിക്ക് ആശംസകളറിയിച്ച് അർജുന്റെ ട്വീറ്റ്.

‘നീ നന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയങ്ങളുണ്ടാകും. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്,’ അര്‍ജുന്‍ തുടർന്നു.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോനയുടെ മകനാണ് ബോളിവുഡിലെ യുവതാരമായ അര്‍ജുന്‍ കപൂര്‍. ജാൻവിയുടെ അമ്മയും ബോണിയുടെ രണ്ടാം ഭാര്യയുമായ ശ്രീദേവിയുെട മരണത്തെത്തുടർന്നാണ് അർജുനും സഹോദരി അൻഷുലയും ജാൻവിക്കും അനുജത്തി ഖുഷിക്കും ആശ്വാസവുമായെത്തിയത്. ഇപ്പോൾ ഇരു കുടുംബങ്ങളും വലിയ അടുപ്പത്തിലാണ്. മകളുടെ ആദ്യ ചിത്രം കാണാനാകാതെയാണ് ശ്രീദേവി വിട പറഞ്ഞത്. എന്തായാലും അർജുന്റെ ട്വീറ്റ് ബോളിവുഡ് ഏറ്റെടുത്തു കഴിഞ്ഞു.