Wednesday 18 April 2018 10:36 AM IST : By സ്വന്തം ലേഖകൻ

'രാവിലെ അമ്മാ എന്നു വിളിക്കും രാത്രി ഒപ്പം കിടക്ക പങ്കിടണം'! ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടികള്‍ രംഗത്ത്

telugu_actressess

തെലുങ്കു സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദം നടി  ശ്രീ റെഡ്ഡിയുടെ നഗ്നതാ പ്രദര്‍ശന സമരത്തോടെയാണ് വീണ്ടും ചര്‍ച്ചയായത്. ഇപ്പോഴിതാ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നടികള്‍ രംഗത്ത്. സഹനടികളായ സന്ധ്യ നായിഡു, കെ. അപൂര്‍വ, സുനിത റെഡ്ഡി എന്നിവരാണ് സ്വന്തം തൊഴിലിടത്തില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കിടയിലായിരുന്നു ഇവരുടെ തുറന്നുപറച്ചില്‍.

ഒരു ചെറിയ അവസരം ലഭിക്കാന്‍ പോലും തങ്ങള്‍ക്ക് എന്തും ചെയ്യേണ്ടിവരുന്നു,  ചിലപ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ വരെ നിവര്‍ത്തിക്കേണ്ടിവരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ചിലപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയക്ക് വിധേയരാകേണ്ടിവരും. ചിലപ്പോള്‍ തൊലിയുടെ നിറം തന്നെ മാറ്റേണ്ടിവരും-ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു. പതിനഞ്ച് പേരാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ഓഫീസിന് മുന്നില്‍ ഒത്തുകൂടിയത്. നടി ശ്രീ റെഡ്ഡിയുടെ ഒറ്റയാള്‍ പ്രതിഷേധത്തിനുശേഷമാണ് തങ്ങള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. മുതിര്‍ന്ന താര കുടുംബത്തിനെതിരെ ശ്രീറെഡ്ഡി ഉന്നയിച്ച കാര്യങ്ങള്‍ തുറന്നു പറയാനുള്ള ഭയമകറ്റി എന്ന് ഇവര്‍ പറയുന്നു. പലരും കരഞ്ഞുകൊണ്ടാണ് തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവച്ചത്.
 

കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ സിനിമാരംഗത്ത് സജീവമാണ്. അമ്മയുടെയും അമ്മായിയുടെയുമെല്ലാം വേഷമാണ് എനിക്ക് പ്രധാനമായും ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ കാലത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ അവര്‍ എന്നെ അമ്മാ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍, രാത്രിയായാല്‍ കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഒരു റോള്‍ നല്‍കിയാല്‍ എനിക്കെന്താണ് ഗുണം എന്നാണ് എല്ലാവരുടെയും ചോദ്യം. വാട്‌സ് ആപ്പ് വന്നതോടെ അവരുമായി ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് പലരും. ഞാന്‍ സുതാര്യമായ വേഷമാണോ ധരിച്ചത് എന്നായിരുന്നു ഒരിക്കല്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അസിസ്റ്റന്റുകളും ടെക്‌നീഷ്യന്മാരുമായി ജോലി ചെയ്യുന്ന പതിനേഴു വയസ്സുള്ളവര്‍ വരെ ഇങ്ങനെയാണ് പെരുമാറുന്നത്-സന്ധ്യ നായിഡു തുറന്നു പറഞ്ഞു.

ഷൂട്ടിങ് നടക്കുമ്പോള്‍ പുറത്തുവച്ചു തന്നെ വസ്ത്രം മാറാന്‍ താന്‍ നിര്‍ബന്ധിതയായിട്ടുണ്ടെന്നായിരുന്നു മറ്റൊരു നടി സുനിത റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. ഷൂട്ടിങ്ങിനിടെ ഞങ്ങള്‍ക്ക്  പുറത്ത് തന്നെ വസ്ത്രം മാറുകയും വിശ്രമിക്കുകയും ചെയ്യുകയേ പോംവഴിയുള്ളൂ. പരാതിപ്പെട്ടാല്‍ വേണമെങ്കില്‍ നടന്മാരുടെ കാരവാനില്‍ പോയി വസ്ത്രം മാറിക്കൊള്ളാനാണ് പറയുക. പുഴുക്കളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കാറുള്ളത്. വൃത്തികെട്ട ഭാഷയിലാണ് ഞങ്ങളോട് സംസാരിക്കുക-സുനിത റെഡ്ഡി വെളിപ്പെടുത്തി.