Saturday 29 February 2020 12:05 PM IST

23 വയസിൽ വിവാഹം, സിനിമാ നിർമ്മാണം...ഒരു കോടി കടക്കാരനായപ്പോൾ സീരിയൽ രക്ഷയായി! അരുൺ ഘോഷിന്റെ വിജയം ചങ്കുറപ്പിന്റേതു കൂടി

V.G. Nakul

Sub- Editor

a4

കഷ്ടിച്ച് 23 വയസുള്ള ഒരു പയ്യൻ എന്തൊക്കെ ചെയ്യും? പഠനം പൂർത്തിയായെങ്കിൽ ജോലി സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും പലരും. പത്തു പുത്തൻ സമ്പാദിച്ച് വീട്ടുകാരുടെ കാശിനു പുട്ടടിക്കുന്നവൻ എന്ന പേരുദോഷം ഒഴിവാക്കാനാകും മറ്റു ചിലരുടെ ശ്രമം. എന്നാൽ സാധാ പയ്യൻമാരെ പോലെ ചിന്തിക്കാൻ അരുൺ ഘോഷിന് മനസ്സുണ്ടായിരുന്നില്ല. ആദ്യം പ്രേമിച്ച പെണ്ണിനെ അന്തസ്സായി കെട്ടി. പിന്നെ 96 ലക്ഷം രൂപ മുടക്കി സിനിമ പിടിച്ച് നിർമാതാവായി. പക്ഷേ, പടം എട്ടു നിലയിൽ പൊട്ടിയതോടെ കെട്ടിയ പെണ്ണ് മാത്രമായി ബാക്കി. എട്ടും പൊട്ടും തിരിയാത്ത ഒരു പയ്യൻ ‘പടമാകാൻ’ ഇതൊക്കെത്തന്നെ ധാരാളം. പക്ഷേ അരുൺ ഘോഷ് പതറിയില്ല. സിനിമയിലെ നായകനെ പോലെ ജീവിതം തിരിച്ചുപിടിച്ചു. തോൽവികളിൽ നിന്ന് വിജയത്തിലേക്ക് നടന്നു കയറി. അതിനു സഹായിച്ചതാകട്ടെ അച്ഛന്റെ വാക്കുകളും.

‘‘നീ ടെൻഷനടിക്കെണ്ടടാ, വീട് വിറ്റിട്ടായാലും നമ്മൾ ഈ കടം വീട്ടും’’ – ആ വാക്കുകൾ മാറ്റിമറിച്ചത് അരുൺ ഘോഷിന്റെ തലവര കൂടിയാണ്. അവിടെതുടങ്ങി, മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച നിർമാതാക്കളിൽ ഒരാളായ അരുൺഘോഷിന്റെ വിജയയാത്ര.

സിനിമയുടെ ബാധ്യത തീർത്ത സീരിയൽ

അരുൺ ഘോഷിനെ മലയാളി കൂടുതൽ തിരിച്ചറിയുക മറ്റൊരു പേരിലാണ്. ‘പാരിജാത’ത്തിലെ ആന്റിയമ്മയുടെ ജെ.പി. ഒഴിയാത്ത മദ്യഗ്ലാസുമായി മിനിമസ്ക്രീൻ വാണിരുന്ന സുന്ദരൻ. ഒരുകാലത്ത് സീരിയൽ പ്രേക്ഷകരുടെ ഇഷ്ടനായകനായിരുന്നു അരുൺഘോഷ്. ‘മിന്നുകെട്ടി’ലെ സതീഷും ‘മാനസപുത്രി’യിലെ ഗിരിയും അജയഘോഷിന് വലിയ ആരാധക പിന്തുണ നേടിക്കൊടുത്തു. എന്നാൽ കുറേക്കാലമായി അരുണിനെ സീരിയലിൽ കാണുന്നില്ല. അന്വേഷിച്ചു ചെന്നപ്പോൾ അരുൺ ഘോഷ് ‘വനിത ഓൺലൈനോട്’ പറഞ്ഞത് സിനിമയെ വെല്ലുന്ന ജീവിത കഥ.

‘‘2003ൽ ഘോഷ് ക്രിയേഷൻസിന്റെ ബാനറിൽ ‘ഗ്രീറ്റിങ്സ്’ നിർമിക്കുമ്പോൾ എനിക്ക് 23 വയസ്സായിരുന്നു. ഒരു കോടിയോളമായിരുന്നു ബജറ്റ്. ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊരു എടുത്തു ചാട്ടമായിരുന്നു. പടം പരാജയമായി. വലിയ ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. പക്ഷേ, വീട്ടുകാരും സുഹൃത്തുക്കളും ഒപ്പം നിന്നു. പതിയെ അതില്‍ നിന്നു പിടിച്ചു കയറുകയായിരുന്നു. എന്തായാലും വീട് വിൽക്കേണ്ടി വന്നില്ല. പരാജയത്തിൽ നിന്നു പാഠങ്ങൾ പഠിച്ച് മറ്റൊരു ടീമുമായി ചേർന്ന് സീരിയൽ നിർമാണത്തിലേക്കെത്തി. കായംകുളം കൊച്ചുണ്ണിയിലും പറയിപെറ്റ പന്തിരുകുലത്തിലും സഹകരിച്ചു. അഭിനയവും നിർമാണവും റിയൽ എസ്റ്റേറ്റ് കച്ചവടവുമൊക്കെയായി സജീവമായി. ഏഴു വർഷം കൊണ്ട് കട ബാധ്യതകൾ പൂർണമായും തീർത്തു. അപ്പോഴേക്കും നിർമാണത്തിൽ തുടരാം എന്ന ആത്മവിശ്വാസം വർധിച്ചു’’.

തുടക്കം ബാലനടനായി

തൃശൂരിലെ മണ്ണുത്തിയാണ് നാട്. അച്ഛൻ അരവിന്ദാക്ഷൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശോഭന. അനിയൻ വരുൺഘോഷ്. ബാലനടനായാണ് തുടക്കം. മങ്കട രവിവർമ സാർ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനൻ’ എന്ന ടെലിസീരിയലില്‍ അഭിനയിക്കുമ്പോൾ ഞാൻ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു. പിന്നീട്, 19വയസ്സിൽ ആദ്യ സീരിയലായ ‘ഇന്നസെന്റ് കഥകളി’ൽ ഇന്നസെന്റ് ചേട്ടന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി വഴിയാണ് ആ അവസരം കിട്ടിയത്. ഞാനപ്പോള്‍ കേരളവർമ കോളജിൽ ബി.കോമിന് പഠിക്കുകയാണ്. അതോടെ പഠനം പാതിവഴിയിൽ നിർത്തി, അഭിനയ രംഗത്ത് സജീവമായി. എനിക്ക് ഇന്നസെന്റ് ചേട്ടന്റെ ഛായയുണ്ടെന്ന് പറഞ്ഞ് ഡേവിഡേട്ടനും ഇന്നസെന്റ് ചേട്ടനും കൂടിയാണ് എന്നെ ആ സീരിയലിൽ തിരഞ്ഞെടുത്തത്. നടൻ എന്ന നിലയിൽ നല്ല തുടക്കമായിരുന്നു.

a2

നിർമാണത്തോട് ഇഷ്ടം കൂടി

ഡേവിഡ് ചേട്ടൻ നിർമിച്ച ‘ഇഷ്ടം’ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുകയും നിർമാണത്തിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി നിർമാണം തുടങ്ങാം എന്ന ആശയം തോന്നുന്നതും ‘ഗ്രീറ്റിങ്സി’ലേക്കെത്തിയതും.

2011 ൽ ആണ് ബിജോയ് ചന്ദ്രനുമായി ചേർന്ന് ചാന്ദ് വി ക്രിയേഷന്റെ ബാനറിൽ രണ്ടാമത്തെ സിനിമയായ ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ തിർമിച്ചത്. അത് നഷ്ടമായില്ല. അതോടെ നിർമ്മാണ രംഗത്ത് ഉറച്ചു. ‘റോമൻസ്’, ‘ഉൽസാഹക്കമ്മിറ്റി’, ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘ജോർജേട്ടൻസ് പൂരം’, ‘വികടകുമാരൻ’ എന്നീ സിനിമകൾ നിർമിച്ചു. ‘മരുഭൂമിയിലെ ആന’, ‘പൊറിഞ്ചു മറിയം ജോസ്’ എന്നീ സിനിമകൾ വിതരണം ചെയ്തു. ഒരു വർഷം ഒരു സിനിമ എന്നതാണ് രീതി. നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. പറയാറായിട്ടില്ല.

പാരിജാതത്തിലെ ജെ.പി

ഇതുവരെ 25 സീരിയലുകളോളം ചെയ്തു. ‘പാരിജാത’ത്തിലെ ജെ.പിയെയൊക്കെ ഇപ്പോഴും ആളുകള്‍ ഓർത്തിരിക്കുന്നു എന്നതാണ് സന്തോഷം. ഒരുപാട് അംഗീകാരങ്ങൾ നേടിത്തന്ന വേഷമാണ് ജയപ്രകാശ് എന്ന ജെ.പി. അതേ പോലെ ‘മിന്നുകെട്ടി’ലെ സതീഷ്, ‘മാനസപുത്രി’യിലെ ഗിരി ഒക്കെ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 2010 ൽ സീരിയൽ വിട്ടു. ‘സ്വപ്നക്കൂടാ’ണ് അവസാനം ചെയ്തത്. സമയക്കുറവാണ് കാരണം. സിനിമാ നിർമാണത്തിലും തിയറ്റർ ബിസിനസ്സിലും സജീവമായപ്പോൾ, ഒരു മാസം 15 ദിവസം തിരുവനന്തപുരത്ത് ചെന്ന് നിൽക്കാൻ ബുദ്ധിമുട്ടായി. ആമ്പല്ലൂരിലെ ചാന്ദ് വി, ശ്രീരാമം എന്നീ തിയറ്ററുകളിലും ഞാൻ പങ്കാളിയാണ്.

സിനിമയിൽ, ഐ.വി ശശിസാർ സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’യിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട്, ‘ഇഷ്ടം’, ‘കേരള പൊലീസ്’, ‘റോമൻസ്’, ‘വികടകുമാരൻ’ തുടങ്ങി കുറേ ചിത്രങ്ങള്‍ ചെയ്തു. നല്ല കഥാപാത്രത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.

a3

വേദനയായി ബിജോയ്

നിർമാണത്തിൽ എന്റെ പങ്കാളിയായിരുന്ന ബിജോയ് ചന്ദ്രന്റെ മരണം എന്നെ മാനസികമായി തളർത്തിക്കളഞ്ഞു. ഒരിക്കലും വിട്ടുപോകാത്ത ഒരു നൊമ്പരമാണ് അവന്റെ വേർപാട്. രണ്ടു വർഷം മുൻപ് ഹൃദയാഘാതം മൂലം മരിക്കുമ്പോൾ അവന് 42 വയസ്സായിരുന്നു.

കോളജില്‍ എന്റെ സീനിയറായിരുന്നു ബിജോയ്. പക്ഷേ അന്നു സുഹൃത്തുക്കളായിരുന്നില്ല. പിന്നീട് 2001 ൽ ആണ് ഞങ്ങൾ അടുത്തത്. പിന്നീടുള്ള കാലം ഒരു മനസ്സായാണ് ജീവിച്ചത്. ‘ഗ്രീറ്റിങ്സ്’ മുതൽ ബിജോയ് ഒപ്പമുണ്ട്. അവന്റെ അച്ഛൻ തുടങ്ങിയ കമ്പനിയാണ് ചാന്ദ് വി. അവർക്ക് പല ബിസിനസ്സുകളുമുണ്ട്. അവന് രണ്ട് സഹോദരൻമാരാണ്. അതില്‍ ചാന്ദ് വി കമ്യൂണിക്കേഷൻസ്, ക്രിയേഷൻസ്, മൂവീസ് എന്നിവയിൽ ഞാൻ പങ്കാളിയാണ്. അവന്റെ മരണശേഷം ചേട്ടൻ ബൈജു ചന്ദ്രനാണ് എന്റെ പാർട്ണർ. ‘സത്യമേവ ജയതേ’, ‘ഇഷ്ടം’, ‘മൈ മരുമകൻ’ എന്നീ സീരിയലുകളും ചാന്ദ് വി നിർമിച്ചതാണ്.

ബിജോയിയുടെ മരണം എനിക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല. അവൻ എന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചു. സുഹൃത്തുക്കൾക്ക് വേണ്ടിയാണ് അവൻ ജീവിച്ചത്. അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നതായിരുന്നു എന്റെ വിലാസം. അത് ഞാൻ ആസ്വദിച്ചിരുന്നു.

a1

കല്യാണം 23 ൽ

23 വയസ്സിൽ ഞാൻ കല്യാണം കഴിച്ചു. പ്രിയയും ഞാനും പ്രണയത്തിലായിരുന്നു. ഇന്നസെന്റ് കഥകളിൽ പ്രിയയുടെ അനിയത്തി അഭിനയിച്ചിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. രണ്ട് പെൺമക്കളാണ് ഞങ്ങൾക്ക്, മൂത്തമോൾ ശിവാനി ഘോഷ് പ്ലസ് വണ്ണിനും ഇളയയാൾ വൈഗ ഘോഷ് ആറാം ക്ലാസിലും പഠിക്കുന്നു. ‘മൂത്ത മോളുടെ കല്യാണമാകുമ്പോഴും ഞാന്‍ പയ്യനായിട്ട് തന്നെ നിൽക്കും’ എന്നു തമാശ പറയാറുണ്ട്. ഇപ്പോള്‍ 41 വയസ്സായി. പലരും ചോദിക്കും എങ്ങനെയാണ് ഇപ്പോഴും ചെറുപ്പമായി നിൽക്കുന്നതെന്ന്. സത്യം പറയാമല്ലോ? രഹസ്യങ്ങളൊന്നുമില്ല. ജിമ്മിൽ പോലും പോകുന്ന ആളല്ല ഞാൻ. ഇനി തുടങ്ങണം എന്നുണ്ട്.– അരുൺ ഘോഷിന്റെ വാക്കുകളിൽ ആത്മവിശ്വാസം.