Thursday 23 May 2019 03:51 PM IST : By സ്വന്തം ലേഖകൻ

‘ജിസിനോളം നന്മയൊന്നും എനിക്കുണ്ടാകാതെ പോയതുകൊണ്ടാകാം ഒരു പടം പൊട്ടിപ്പോയത്’! തുറന്നു പറഞ്ഞ് അരുൺ ഗോപി

arun-new

മലയാളത്തിൽ ഫീൽഗുഡ് സിനിമകളുടെ പുത്തൻ സാരഥിയാണ് യുവസംവിധായകൻ ജിസ് ജോയ്. ജിസ് സംവിധാനം ചെയ്ത ‘വിജയ് സൂപ്പറും പൗർണമിയും’ നൂറാം ദിവസ ആഘോഷച്ചടങ്ങിൽ ജിസിനെ കുറിച്ച് സംവിധായകൻ അരുൺ ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമകൾ പോലെയാണ് അദ്ദേഹത്തിന്റെ മനസ്സെന്നാണ് അരുൺ ഗോപി പറയുന്നത്. ജിസിനോളം നന്മ തനിക്കില്ലെന്നും സിനിമ ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തെ കണ്ടു പഠിക്കുന്നുണ്ടെന്നും അരുൺ.

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സാനിധ്യം അറിയിച്ച സംവിധായകനാണ് അരുൺ ഗോപി.

‘‘ജിസ്സിന്റെ സിനിമകളിൽ നന്മ കുറച്ചു കൂടുതലാണോ എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ നന്മ നിറഞ്ഞുകവിഞ്ഞൊഴുകുന്നുണ്ടാകും. പക്ഷേ, ജിസ്സിനെ അറിയുന്നവർക്ക് അറിയാം അത് അദ്ദേഹം മനഃപൂർവം കുത്തിനിറക്കുന്നതല്ലെന്ന്. അയാളുടെ ഉള്ളിൽത്തന്നെ ഉള്ളതാണിത്. അങ്ങനെയാണ് ജിസ് സംസാരിക്കുന്നതും പെരുമാറുന്നതും. ജിസ്സിനോളം നന്മയൊന്നും എനിക്കുണ്ടാകാതെ പോയതുകൊണ്ടാകാം ഒരു പടം പൊട്ടിപ്പോയത്. അതുകൊണ്ട്, ഞാൻ ജിസ്സിനെ കണ്ടു പഠിക്കുന്നുണ്ട്’’.– അരുൺ പറഞ്ഞു.