Thursday 12 September 2019 04:42 PM IST

ആ അമ്മയുടെ കണ്ണീരിന്റ നോവിൽ അരുൺ താണ്ടിയത് 12 വർഷം! മുത്തുമണിയുടെ ഭർത്താവിനിത് സ്വപ്നസാക്ഷാത്കാരത്തിന്റെ ‘ഫൈനൽസ്’

V.G. Nakul

Sub- Editor

arun-new-new

അതിജീവനത്തിന്റെ കഥയാണ് ‘ഫൈനൽസ്’. ഒരു സൈക്ലിങ് താരത്തിന്റെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ, യാഥാർത്ഥ്യ ബോധത്തോടെ ദൃശ്യവൽക്കരിച്ച സിനിമ. എന്നാൽ, തന്റെ ആദ്യ സിനിമയെന്ന ഫിനിഷിങ് പോയിന്റിലേക്കെത്താൻ ചിത്രത്തിന്റെ സംവിധായകൻ പി.ആർ. അരുൺ അതിജീവിച്ചതാകട്ടെ, 12 വർഷം. പൂർത്തിയായ തിരക്കഥയുമായി ഒരു പതിറ്റാണ്ടിലേറെയായി അരുൺ കാത്തിരുന്നതിന്റെ പ്രതിഫലമാണ് തിയേറ്ററിലുയരുന്ന കയ്യടികളുടെ ഇരമ്പം. ‘ഫൈനൽസ്’ തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുമ്പോൾ, അരുൺ ‘വനിത ഓൺലൈനി’നോട് പങ്കുവച്ചതും ഹൃദയം തൊടുന്ന ഒരു സംഭവ കഥ യാഥാർത്ഥ്യമായതിന്റെ ആഹ്ളാദമാണ്.

‘‘പല കായിക പ്രതിഭകളുടെയും ജീവിതത്തിൽ നിന്നു മനസ്സിലാക്കിയ കാര്യങ്ങൾ ചേർത്തുവച്ച് സൃഷ്ടിച്ചതാണ് ഫൈനൽസിന്റെ കഥ. പൂർണമായും ഫിക്ഷൻ. പക്ഷേ, അതിന് പ്രേരണയായത് ഒരു പത്രവാർത്തയാണ്. എന്റെ നാട് മലപ്പുറം മഞ്ചേരിയാണ്. മഞ്ചേരിയിൽ നടന്ന ഒരു സൈക്ലിങ് മത്സരത്തിനിടെയാണ് സ്റ്റേറ്റ് ചാംപ്യനായിരുന്ന തിരുവനന്തപുരത്തുകാരി ഷൈനി സൈലസ് കാറിടിച്ച് മരിച്ചത്. ആ സംഭവം എന്നെ വല്ലാതെ ഉലച്ചു. അങ്ങനെയാണ് ഫൈനൽസിന്റെ കഥ മനസ്സിൽ രൂപപ്പെട്ടത്. സിനിമ ഷൈനിയുടെ ജീവിതമല്ലെങ്കിലും ചിത്രം സമർപ്പിച്ചിരിക്കുന്നത് ഷൈനിക്കാണ്’’.– അരുൺ ‘ഫൈനൽസ്’ പിറന്ന കഥ പറഞ്ഞു തുടങ്ങി.

‘‘ഷൈനിയുടെ മരണം അന്നൊരു വലിയ വാർത്തയായില്ല. ഒരു പാട് കഷ്ടപ്പെട്ടാണ് അവർ ആ നിലയിൽ എത്തിയത്. ഷൈനിയുടെ മരണത്തോടെ കേരളത്തിന് നഷ്ടപ്പെട്ടത് ഒരു വലിയ കായിക പ്രതിഭയയെയായിരുന്നു. സിനിമയുടെ എഴുത്തും അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് പിന്നീട് ഷൈനിയുടെ അമ്മയെ കണ്ടു സംസാരിച്ചപ്പോൾ അവർ പറഞ്ഞത്, ‘എന്റെ മോളെ ഓർക്കാൻ ഒരാളെങ്കിലും ഉണ്ടായല്ലോ’ എന്നാണ്. ആ അമ്മയുടെ കണ്ണീരിന്റെ നോവ് ഫൈനൽസിലുണ്ട്.

arun-2

കാത്തിരുന്ന 12 വർഷം

ധാരാളം സൈക്ലിസ്റ്റുകളെ കണ്ട്, സംസാരിച്ച്, അവരുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയാണ് തിരക്കഥ തയാറാക്കിയത്. തിരക്കഥ പൂർത്തിയായിട്ടിപ്പോൾ 12 വർഷം കഴിഞ്ഞു. അതുമായി പല സംവിധായകരെയും കണ്ടെങ്കിലും ഒന്നും ശരിയായില്ല. അതിനിടെ ഞാൻ ജോലി വിട്ട് മുഴുവൻ സമയ സിനിമാ–നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു. ‘ഫിഫ്ത്ത് എസ്റ്റേറ്ററ്റ്’ എന്നൊരു നാടക സംഘം രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നാടകം പഠിക്കാൻ തുടങ്ങുകയും ചെയ്തു. എന്റെ ഒരു നാടകത്തില്‍ രജിഷ അഭിനയിച്ചു. അങ്ങനെ ഫൈനൽസിന്റെ കഥ രജിഷ അറിയുകയും ഏറെക്കഴിയും മുമ്പേ മണിയൻ പിള്ള രാജുച്ചേട്ടൻ വിളിച്ച് ‘അത് അരുൺ തന്നെ സംവിധാനം ചെയ്യ്’ എന്നു പറഞ്ഞ് നിർമാണം ഏറ്റെടുക്കുകയും ചെയ്തു. അതോടെയാണ് പ്രൊജക്ട് ഓൺ ആയത്. ഈ സിനിമയ്ക്കു വേണ്ടി ഞാൻ സംവിധായകൻ വരെയായി എന്നു വേണമെങ്കിൽ പറയാം’’.– അരുൺ ചിരിയോടെ പറയുന്നു.

‘‘ആദ്യ ദിവസങ്ങളിലൊക്കെ തിരക്കു കുറവായിരുന്നു. പക്ഷേ പിന്നീട് കണ്ടവർ നല്ല അഭിപ്രായം പറഞ്ഞ് ആളുകൾ കയറിത്തുടങ്ങി. ഇപ്പോൾ പല ഷോസും ഹൗസ് ഫുൾ ആണ്’’. അരുണിന്റെ വാക്കുകളിൽ സന്തോഷം നിറയുന്നു.

നടി മുത്തുമണിയുടെ ജീവിത പങ്കാളി കൂടിയായ അരുണ്‍ മാധ്യമപ്രവർത്തനത്തിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയൻപിള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഫൈനൽസ് മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.